Latest NewsNewsIndia

ഓരോ ക്ലാസിലും പതിനഞ്ച് കുട്ടികൾ വീതം ; മഹാരാഷ്ട്രയിലെ ചില ജില്ലകളിൽ സ്കൂളുകൾ പ്രവർത്തനം ആരംഭിച്ചു

മുംബൈ : ഒരു ബെഞ്ചിൽ ഒരു വിദ്യാർഥി എന്ന നിലയിൽ ഓരോ ക്ലാസിലും പതിനഞ്ച് കുട്ടികൾ വീതമായി  മഹാരാഷ്ട്രയിൽ സ്കൂളുകൾ തുറന്നു. ചന്ദ്രപുർ, ഗാദ്ചിരോളി ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ജൂലായ് ആറ് മുതൽ ക്ലാസുകൾ ആരംഭിച്ചത്. ഈ ജില്ലകളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വന്നതോടെ 9,10,12 ക്ലാസുകൾ ആരംഭിക്കാനുള്ള വിവിധ മാർഗനിർദേശങ്ങൾ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ജൂൺ 15 ന് പ്രസിദ്ധീകരിച്ചിരുന്നു. സ്കൂളുകൾ തുറക്കുന്ന കാര്യം മാനേജ്മെന്റ് കമ്മിറ്റികളും പ്രാദേശികഭരണകൂടവും സംയുക്തമായി തീരുമാനിക്കണമെന്ന് വിദ്യാഭ്യാസവകുപ്പ് മാർഗനിർദേശങ്ങളിൽ പ്രതിപാദിച്ചിരുന്നു.

എന്നാൽ ജൂലായ് 31 വരെ വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചിടാനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിനെതിരായാണ് മഹാരാഷ്ട്രയിൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാനാരംഭിച്ചിട്ടുള്ളത്. മാധേലി ഗ്രാമത്തിൽ 9, 10, 11 ക്ലാസുകൾ മാത്രമാണ് തുടങ്ങിയത്. ദിവസേന മൂന്ന് മണിക്കൂറാണ് ക്ലാസ്. ഇത് അഞ്ച് പിരിയഡായി വിഭജിച്ചിച്ചുണ്ട്. ഉച്ചഭക്ഷണം കഴിക്കാൻ ഓരോ വിദ്യാർഥിയെ മാത്രമായി പുറത്തു വിടുമെന്ന് മാധേലി സ്കൂൾ പ്രധാന അധ്യാപകൻ അറിയിച്ചു.

ആദ്യദിവസം 50 ശതമാനം മാത്രമായിരുന്നു ഹാജരെങ്കിലും അടുത്ത ദിവസങ്ങളിൽ ഇത് 85 ശതമാനമായി ഉയർന്നു. ഹാജർ നിർബന്ധമാക്കിയിട്ടില്ലെങ്കിലും എല്ലാ കുട്ടികളും സ്കൂളിലെത്താൻ നിർദേശം നൽകിയിട്ടുണ്ട്. മാതാപിതാക്കൾക്ക് സ്കൂൾ കോമ്പൗണ്ടിൽ പ്രവേശനം അനുവദിച്ചിട്ടില്ല. വിദ്യാർഥികൾക്ക് സാനിറ്റൈസറുകൾ നൽകുന്നുണ്ട്. മാസ്ക് ധരിക്കണം.

എന്നാൽ മറ്റു ക്ലാസുകളിലെ വിദ്യാർഥികൾക്കായി സാമൂഹിക അകലം പാലിച്ച് തുറന്ന സ്ഥലങ്ങളിൽ ക്ലാസുകളെടുക്കുന്ന രീതി ആരംഭിക്കാനാണ് നീക്കം. ജൂലായ് ഏഴ് മുതൽ ഇത്തരം ക്ലാസുകൾ ആരംഭിച്ചതായും 100 ശതമാനം വിദ്യാർഥികളും ക്ലാസുകളിൽ എത്തിയതായും ഹെഡ്മാസ്റ്റർ വ്യക്തമാക്കി. ബോറി, ഗൽക്ക, വഡ്ഗാവ്, പാവ്നി ജില്ലകളിൽ എട്ട് വരെയുള്ള വിദ്യാർഥികൾക്കായി തുറന്ന ക്ലാസുകളും ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button