തിരുവനന്തപുരം • മുഖ്യമന്ത്രിയുടെ ഓഫീസിന് ഉൾപ്പെടെ ബന്ധമുള്ള സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ഒളിവിൽ കഴിയാൻ സഹായം നൽകുന്നത് സിപിഎം ആണെന്ന് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ജെ ആർ അനുരാജ് . മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതിയും ഉന്നതന്മാരുടെ ബിനാമിയുമായ സന്ദീപ് നായരുടെ നെടുമങ്ങാടുള്ള കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിലേക്ക് യുവമോർച്ച നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വർണക്കടത്തിൽ ആരോപണം നേരിടുന്ന മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കരനെ തൽസ്ഥാനത്ത് നിന്നും മാറ്റിയതിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് സർക്കാർതന്നെ സമ്മതിക്കുകയാണ്.
സ്വർണ്ണക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസും സർക്കാർ വാഹനവും ഉപയോഗിച്ചുയെന്നതിലും യാതൊരു യോഗ്യതയും ഇല്ലാത്ത സ്വപ്നയ്ക്ക് എങ്ങനെ ഐ ടി വകുപ്പിന് കീഴിൽ നിയമനം ലഭിച്ചു എന്നും സർക്കാർ പരിപാടികളിൽ പ്രധാന നടത്തിപ്പുകാരിയായി സ്വപ്ന സുരേഷ് മാറിയത് എങ്ങെയെന്നും പ്രാഥമിക അന്വേഷണം പോലും നടത്താൻ തയ്യാറാകാത്തത് മുഖ്യമന്ത്രിക്ക് സ്വപ്ന യുമായുള്ള അടുത്ത ബന്ധംകാരണമാണ്. ഒളിവിൽ കഴിയുന്ന സ്വപ്നയെ കണ്ടെത്താനും ശബ്ദ സന്ദേശം ചാനലുകൾക്ക് കൈമാറിയത് എങ്ങനെ എന്നും സർക്കാറിന്റെ ഏത് ഏജൻസിയാണ് അന്വേഷിക്കുന്നതെന്നും മുഖ്യമന്ത്രി പൊതു ജനങ്ങളോട് പറയാൻ തയ്യാറാകണം. രാജ്യദ്രോഹക്കുറ്റം ചെയ്ത സന്ദീപ്നായരുടെ ബിനാമി സ്ഥാപനത്തിന് സർക്കാർ സംരക്ഷണം നൽകുകയല്ല ഇടിച്ചുനിരത്തുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നെടുമങ്ങാട് പത്താംകല്ല് ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സന്ദീപ് നായരുടെ സ്ഥാപനത്തിനു മുന്നിൽ ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് തടഞ്ഞത് നേരിയ സംഘർഷത്തിന് ഇടയാക്കി.
യുവമോർച്ച നെടുമങ്ങാട് നിയോജക മണ്ഡലം പ്രസിഡണ്ട് എസ് സജി അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ വൈസ് പ്രസിഡന്റ് എം എ ഉണ്ണിക്കണ്ണൻ ജില്ലാ കമ്മിറ്റി അംഗം യദുകൃഷ്ണൻ, സിജുമോൻ എന്നിവർ സംസാരിച്ചു.
യുവമോർച്ച നേതാക്കളായ ശ്യാം കൃഷ്ണൻ, ജീവൻ ടി ആർ, അരവിന്ദ്, പവിശങ്കർ , അനിത്ത്, എം വിനീഷ്, പ്രസാദ് കോട്ടപ്പുറം, മഹേഷ് എം എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
Post Your Comments