ബെയ്ജിങ് : ചൈനയ്ക്ക് ബഹിരാകാശ പര്യവേക്ഷണത്തിനും കനത്ത തിരിച്ചടി. ചൈനീസ് റോക്കറ്റ് വിക്ഷേപണം പാളി, നഷ്ടമായത് ആറ് ഉപഗ്രഹങ്ങള്‍, കോടികളുടെ നഷ്ടം. ക്വയ്സൗ 11 എന്ന ചൈനയുടെ ആദ്യത്തെ സോളിഡ് ഫ്യൂവല്‍ഡ് കാരിയര്‍ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടതായി ചൈനീസ് ന്യൂസ് ഏജന്‍സിയാണ് CGTN റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജിയുക്വാന്‍ സാറ്റലൈറ്റ് ലോഞ്ച് സെന്ററില്‍ നിന്ന് ലിഫ്റ്റ് ഓഫ് ചെയത ശേഷം, ഉപഗ്രഹങ്ങളെ അവയുടെ ഭ്രമണപഥത്തില്‍ എത്തിക്കുന്നതിന് മുമ്പാണ് ഈ റോക്കറ്റ് പരാജയപ്പെട്ടത്. KZ11 റോക്കറ്റ് ഭ്രമണപഥത്തില്‍ എത്തുന്നതില്‍ പരാജയപ്പെട്ടു എന്നും കൂടുതല്‍ സാങ്കേതിക വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല എന്നുമാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്.
read also : ചൈനക്ക് തിരിച്ചടി: ചൈനയില്‍ നിന്നും ആസ്ഥാനം മാറ്റി സ്ഥാപിക്കാന്‍ ഒരുങ്ങി ടിക് ടോക്കിന്റെ മാതൃ കമ്പനി
ചൈന എയ്റോസ്‌പേസ് സയന്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍ (CAISC) -യുടെ സബ്‌സിഡിയറിയായ എക്‌സ്‌പേസ് ടെക്നോളജി കോര്‍പ്പറേഷനായിരുന്നു ഈ റോക്കറ്റ് വിക്ഷേപണത്തിനായി പരിശ്രമിച്ച ഏജന്‍സി. ആദ്യം പ്രഖ്യാപിച്ച തീയതികള്‍ നീണ്ടു നീണ്ടു പോയി ഒടുവില്‍ മൂന്നു വര്‍ഷത്തെ കാലതാമസത്തിനു ശേഷം നടന്ന പ്രഥമവിക്ഷേപണ ശ്രമമാണ് ഇപ്പോള്‍ പരാജയത്തില്‍ കലാശിച്ചിട്ടുള്ളത്. ചെലവ് കുറവുള്ള, 70.8 ടണ്‍ ലിഫ്റ്റ് ഓഫ് മാസ്സുള്ള, സോളിഡ് ഫ്യൂവല്‍ഡ് കാരിയര്‍ റോക്കറ്റുകള്‍ ലോ എര്‍ത്ത് സണ്‍ സിംക്രണസ് സാറ്റലൈറ്റുകള്‍ വിക്ഷേപിക്കാന്‍ വേണ്ടി ഡിസൈന്‍ ചെയ്യപ്പെട്ടവയായിരുന്നു.
KZ പരമ്പരയില്‍ ഇതിനു മുമ്പ് വിക്ഷേപിച്ച റോക്കറ്റുകളെക്കാള്‍ കൂടുതല്‍ വ്യാസവും ശേഷിയുമുള്ള KZ11 റോക്കറ്റിന് ഒരു ടണ്‍ വരെ പേ ലോഡ് 700 കിലോമീറ്റര്‍ വരെ ഉയരത്തില്‍ എത്തിക്കാനുള്ള ശേഷിയുണ്ടെന്നാണ് കരുതപ്പെട്ടിരുന്നത്. മൂന്ന് സ്റ്റേജുകളുള്ള ഈ റോക്കറ്റ് ചൈനയുടെ ഡോങ്ഫാങ് 21 മിസൈലുകള്‍ അധിഷ്ഠിതമാക്കിയാണ് നിര്‍മിച്ചിരുന്നത്. ദക്ഷിണ ചൈനാ സമുദ്രത്തിലുള്ള യുഎസ്എസ് റൊണാള്‍ഡ് റീഗന്‍, യുഎസ്എസ് നിമിറ്റ്‌സ് എന്നീ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ലക്ഷ്യമിട്ട് ചൈന വികസിപ്പിച്ചെടുത്ത ദീര്‍ഘദൂര മിസൈലുകളാണ് ഡോങ്ഫാങ് 21. ആറുപഗ്രഹങ്ങളെ നഷ്ടമാക്കിയ, കോടിക്കണക്കിനു ഡോളറിന്റെ നഷ്ടമുണ്ടാക്കിയ ഈ വിക്ഷേപണ പരാജയം ചൈനയുടെ ബഹിരാകാശ സ്വപ്നങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ്.
Post Your Comments