KeralaCinemaMollywoodLatest NewsNewsEntertainment

ഉപ്പും മുളകിലെ ഏട്ടനും അനിയനും ജീവിതത്തിലും സഹോദരങ്ങള്‍! ബാലുവിനെക്കുറിച്ച് സുരേന്ദ്രന്‍ തമ്പി

ഉപ്പും മുളകിലെ കഥാപാത്രങ്ങളെല്ലാം തന്നെയും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്.

ഉപ്പും മുളകിന്റെതായി വരാറുളള മിക്ക എപ്പിസോഡുകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. പരമ്പര തുടങ്ങി വര്‍ഷങ്ങളായെങ്കിലും ഇന്നും ബാലുവിന്റെയും കുടുംബത്തിന്റെയും പുതിയ വിശേഷങ്ങള്‍ അറിയാന്‍ എല്ലാവരും കാത്തിരിക്കാറുണ്ട്. ആയിരത്തിലധികം എപ്പിസോഡുകള്‍ പിന്നിട്ടാണ് ഉപ്പും മുളകും ജൈത്രയാത്ര തുടരുന്നത്. ഉപ്പും മുളകിലെ കഥാപാത്രങ്ങളെല്ലാം തന്നെയും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്.

ബാലുവും നീലുവും മക്കളായ മുടിയന്‍, കേശു, ശിവാനി തുടങ്ങിയവരാണ് ഇപ്പോള്‍ പരമ്പരയില്‍ നിറഞ്ഞുനില്‍ക്കുന്നത്. ലോക് ഡൗണ്‍ സമയത്തും ഉപ്പും മുളകിന്റെ എപ്പിസോഡുകള്‍ക്കെല്ലാം മികച്ച വരവേല്‍പ്പാണ് ലഭിച്ചിരുന്നത്. ഉപ്പും മുളകില്‍ ബാലുവിനൊപ്പം അനിയന്‍ സുരേന്ദ്രന്‍ തമ്പിയും എല്ലാവര്‍ക്കും പ്രിയപ്പെട്ട കഥാപാത്രമാണ്. ബിനോജ് കുളത്തൂരാണ് ബാലുവിന്റെ അനിയനായി ഉപ്പും മുളകില്‍ എത്തുന്നത്.

പരമ്പരയ്ക്ക് പുറമെ യഥാര്‍ത്ഥ ജീവിതത്തിലും ബിജു സോപാനത്തിന്റെ സ്വന്തം സഹോദരനാണ് ബിനോജ്. ഇരുവരും ശരിക്കും ചേട്ടനും അനിയനുമാണെന്ന് അധികപേര്‍ക്കും അറിയാത്ത കാര്യമാണ്. ബിജു സോപാനത്തെക്കുറിച്ചും ഉപ്പും മുളകിലേക്ക് എത്തിപ്പെട്ടതിനെക്കുറിച്ച് ബിനോജ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബാലുവിന്റെ അനിയന്‍ മനസുതുറന്നത്.

തിരുവനന്തപുരം നെയ്യാറ്റിന്‍കര കുളത്തൂരാണ് ഇരുവരുടെയും സ്വദേശം. തന്നെക്കാളും അഞ്ച് വയസ്സ് മുത്തതാണ് ചേട്ടനെന്ന് ബിനോജ് പറയുന്നു. എന്നേക്കാളും മൂത്തതാണെങ്കിലും ഞങ്ങള്‍ തമ്മില്‍ ഇപ്പോഴും എടാ പോടാ ബന്ധമാണുളളതെന്നും നടന്‍ പറഞ്ഞു. ചേട്ടന്റെ സുഹൃത്തുക്കള്‍ എല്ലാം എന്റെയും സുഹൃത്തുക്കളായിരുന്നു. ചേട്ടന്‍-അനിയന്‍ എന്നതിലുപരി ഞങ്ങള്‍ രണ്ടും നല്ല സുഹൃത്തുക്കളാണ്.

ഉപ്പും മുളകുമായി ചെറിയ സാമ്യതകള്‍ ഉണ്ട് തന്റെ ജീവിതത്തിനെന്നും നടന്‍ പറയുന്നു. പരമ്പരയിലെ എന്റെ അച്ഛന്റെ പേര് മാധവന്‍ തമ്പി എന്നും ഭാര്യയുടെ പേര് അഞ്ജന അഞ്ജു എന്നുമാണ്. ജീവിതത്തിലും ഇതേ പോലെ തന്നെയാണ് അച്ഛന്റെയും ഭാര്യയുടെയും പേരുകള്‍. ചേട്ടനെ പോലെ നാടകങ്ങളിലൊന്നും താന്‍ അഭിനയിച്ചിരുന്നില്ലെന്ന് ബിനോജ് പറയുന്നു.

എന്നാല്‍ സോപാനത്തിന്റെ നാടകങ്ങളെല്ലാം കാണാറുണ്ടായിരുന്നു. അങ്ങനെ സോപാനത്തില്‍ ഉളളവരെയെല്ലാം എനിക്കും അറിയാം. അഭിനയ മോഹം ഒന്നും മുന്‍പുണ്ടായിരുന്നില്ലെന്നും നടന്‍ പറയുന്നു. യാദൃശ്ചികമായിട്ടാണ് പരമ്പരയിലേക്ക് എത്തിപ്പെട്ടത്. ഒരിക്കല്‍ ഫിലിം ഫെസ്റ്റിവല്‍ സമയത്ത് ഉപ്പും മുളകും സ്‌ക്രിപ്റ്റ് റൈറ്റായ കണ്ണന്‍ ചേട്ടനോട്(സുരേഷ് ബാബു) എനിക്കും ഒന്ന് തല കാണിക്കമല്ലോ എന്ന് ആഗ്രഹം പറഞ്ഞിരുന്നു.

അപ്പോള്‍ തല കാണിച്ചാല്‍ മാത്രം മതിയോ? ഒന്ന് രണ്ട് വാക്കുകള്‍ കൂടി പറയേണ്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഹേയ് അതൊന്നും വേണ്ടായെന്ന് ഞാന്‍ പറഞ്ഞു. പിന്നീടാണ് അദ്ദേഹം ഉപ്പും മുളകിലേക്ക് എന്നെ വിളിച്ചത്. ആദ്യം ഒരുപാട് പ്രാവശ്യം ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് എനിക്ക് സുരേന്ദ്രന്‍ തമ്പി ആകേണ്ടി വന്നു.

ആദ്യം നല്ല പേടി ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ പ്രേക്ഷകര്‍ നല്‍കുന്ന പിന്തുണ കൊണ്ട് ആത്മവിശ്വാസം കൂടിയെന്നും നടന്‍ പറഞ്ഞു. സിനിമാ മോഹം എല്ലാവരെയും പോലെ തനിക്കും ഉണ്ടെന്നും നടന്‍ പറയുന്നു. ഇടയ്ക്ക് ചില ഓഫറുകള്‍ വന്നിരുന്നു. പക്ഷേ അപ്പോഴാണ് ലോക് ഡൗണ്‍ വന്നത്.

ദൈവം സഹായിച്ച് ഇതൊക്കെ മാറുമ്പോള്‍ അവര്‍ വിളിക്കും എന്ന് തന്നെയാണ് പ്രതീക്ഷ. ചേട്ടന്‍ അങ്ങനെ എല്ലാ കാര്യങ്ങളിലും ഉപദേശിക്കാറില്ലെന്നും നടന്‍ പറഞ്ഞു. അഭിനയം എന്നത് അറിഞ്ഞു ചെയ്യേണ്ട കാര്യം ആണെന്നാണ് അദ്ദേഹം പറഞ്ഞ് തരിക. കഥാപാത്രത്തെ കണ്ട് മനസിലാക്കി ഉള്‍ക്കൊണ്ടുകൊണ്ട് ചെയ്യാന്‍ പറയാറുണ്ട്. നടന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button