തിരുവനന്തപുരം • തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി തനിക്ക് ബന്ധമില്ലെന്ന് സ്വപ്ന സുരേഷ്. ഡിപ്ലോമാറ്റിക് കാര്‍ഗോ വന്നതിന് ശേഷം കോണ്‍സുലേറ്റ് ജനറലിന്റെ നിര്‍ദ്ദേശ പ്രകാരം ഇതുസംബന്ധിച്ച് വിളിച്ച് അന്വേഷിച്ചു. ഇതല്ലാതെ മറ്റൊരു ബന്ധവും തനിക്കില്ലെന്നും ദൃശ്യമാധ്യമങ്ങള്‍ക്ക് നല്‍കിയ ശബ്ദസന്ദേശത്തില്‍ സ്വപ്ന പറഞ്ഞു.
ഭയം കൊണ്ടാണ് മാറി നില്‍ക്കുന്നത്. ചടങ്ങുകള്‍ക്കായി എല്ലാ മന്ത്രിമാരെയും വിളിച്ചിട്ടുണ്ട്. കോണ്‍സുലേറ്റിലെ ജോലിയുടെ ഭാഗമായാണ് മുഖ്യമന്ത്രിയും, സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായി ബന്ധപ്പെത്. യുഎഇ കോണ്‍സുല്‍ ജനറലിന്റെ പിന്നില്‍ നില്‍ക്കുക എന്നതായിരുന്നു എന്റെ ജോലി. മുഖ്യമന്ത്രിയുടെ പിന്നിലല്ല ഞാന്‍ നിന്നത്. കഴിഞ്ഞ നാഷണല്‍ ഡേ നിങ്ങളെടുത്ത് നോക്കണം. അന്ന് വന്നത് പ്രതിപക്ഷ നേതാവാണ്. അന്ന് ആളുടെ കൂടെ വേദി പങ്കിടുകയും ചെയ്തിട്ടുണ്ട്.
കോണ്‍സുലേറ്റിന്റെ കാര്‍ഗോ വിഭാഗത്തില്‍ താന്‍ ജോലി ചെയ്തിട്ടില്ല. അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലാണ് ജോലി ചെയ്തത്. ആരുമായും തനിക്ക് വഴിവിട്ട ബന്ധമില്ല. എന്നെ യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് പിരിച്ചുവിട്ടിട്ടില്ല. കൊറോണയുമായി ബന്ധപ്പെട്ട് യുഎഇ പൗരന്മാരെ തിരിച്ചെത്തിക്കുന്നതിനും താന്‍ സഹായിച്ചിട്ടുണ്ട്. ജനിച്ചു വളര്‍ന്ന യുഎഇയോടുള്ള സ്‌നേഹം കാരണമാണ് അവിടുത്തെ ജോലി വിട്ടിട്ടും ഈ സഹായങ്ങളെല്ലാം ചെയ്തതെന്നും സ്വപ്ന സുരേഷ് പറയുന്നു.
തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാതെ യഥാര്‍ഥ നടപടി സ്വീകരിക്കണം. മാധ്യമങ്ങള്‍ വസ്തുത അന്വേഷിക്കണം. അല്ലെങ്കില്‍ താനും കുടുംബവും ആത്മഹത്യ ചെയ്യേണ്ടിവരുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
Post Your Comments