COVID 19KeralaLatest NewsNews

പത്തനംതിട്ടയിൽ കണ്ടെയ്ന്‍മെന്റ് സോണ്‍: നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കും

പത്തനംതിട്ട • കുലശേഖരപതി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കപ്പെട്ട മുനിസിപ്പല്‍ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ജില്ലാപോലീസ് മേധാവി കെജി സൈമണ്‍ അറിയിച്ചു.

പ്രദേശത്ത് ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ സംശയിക്കുന്നതിനാല്‍ ഇവിടെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരുന്നതിനു ജില്ലാഭരണകൂടം ദുരന്തനിവാരണ അതോറിറ്റിക്ക് ശുപാര്‍ശ സമര്‍പ്പിച്ച സ്ഥിതിക്ക് ഇതുമായി ബന്ധപ്പെട്ട് പോലീസ് ശക്തമായ നടപടികളുമായി മുന്നോട്ടുപോകും.

റാന്നി താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം വ്യക്തമല്ലാത്തതും, തിരുവല്ലയില്‍ മാര്‍ക്കറ്റ് അടച്ചതുമായി ബന്ധപ്പെട്ടും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

പത്തനംതിട്ട അബാന്‍ ജംഗ്ഷന്‍ മുതല്‍ കുമ്പഴ വരെയുള്ള ഗതാഗതം കര്‍ശനമായി തടഞ്ഞിരിക്കുകയാണ്. നാലു മാസംകൊണ്ട് ജില്ലയില്‍ രോഗികളുടെ എണ്ണം 400 ന് അടുത്തെത്തിയ സാഹചര്യത്തില്‍ സമ്പര്‍ക്കത്തിലൂടെയും മറ്റും രോഗവ്യാപനം ഉണ്ടാവുന്നത് തടയേണ്ടത് അനിവാര്യമായിരിക്കുന്നു. രോഗപ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ സഹകരണമുണ്ടാവണമെന്നും, നിയന്ത്രണങ്ങള്‍ ലംഘിക്കുകയോ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ കര്‍ശനമായ നടപടി എടുക്കുമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.

കണ്ടെയ്ന്‍മെന്റ് മേഖലയിലെ യാത്രകള്‍ പോലീസ് കര്‍ശനമായി നിയന്ത്രിക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്ന സ്ഥിതിയുണ്ടായാല്‍ വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നതായി പോലീസ് ഉറപ്പാക്കും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്നത് ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റ് തുടങ്ങിയവ ഒന്നും തന്നെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് പുറത്തേക്കു പോകാനോ അകത്തേക്ക് കടക്കാനോ പൊതു ഗതാഗതത്തിനോ കൂട്ടം കൂടുന്നതിനോ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നതിനോ അനുവദിക്കുന്നതല്ല. ഇത്തരം നിയമ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും.

പോലീസ്, ഫയര്‍ ഫോഴ്‌സ്, റവന്യു, ആരോഗ്യം മുതലായ അവശ്യ സേവനങ്ങള്‍ നല്‍കുന്ന വകുപ്പുകളുടെതല്ലാത്ത ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതല്ല. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ഇതിനിടെ കണ്ടെയ്ന്‍മെന്റ് മേഖലയില്‍ നിന്നും കുമ്പളാംപൊയ്കയിലേക്കു മല്‍സ്യക്കച്ചവടത്തിനുപോയ കുലശേഖരപതി സ്വദേശിയായ 54 കാരനെതിരെ മലയാലപുഴ പോലീസ് കേസെടുത്തു. പത്തനംതിട്ട ടൗണില്‍ പ്രകടനങ്ങളും യോഗങ്ങളും വിലക്കേണ്ടതായ സാഹചര്യം നിലവിലുണ്ടെന്നും, സമൂഹ വ്യാപനഭീഷണി ഉള്‍ക്കൊണ്ട് ആളുകള്‍ പ്രവര്‍ത്തിക്കണമെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു. കൂട്ടംകൂടലുകള്‍ ഒഴിവാക്കേണ്ടതും, സാമൂഹ്യഅകലം പാലിക്കേണ്ടതുമാണ്.

മുഖാവരണം ധരിക്കാതെ ആരും പുറത്തിറങ്ങരുത്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി തുടരും. ഇന്നലെ ലോക്ക്ഡൗണ്‍ ലംഘനത്തിന് 23 കേസിലായി 21 പേരെ അറസ്റ്റ് ചെയ്തു. നാലു വാഹനങ്ങള്‍ പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 26 പേര്‍ക്ക് നോട്ടീസ് നല്‍കിയതായും ജില്ലാപോലീസ് മേധാവി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button