ന്യൂഡൽഹി : കോവിഡ്-19നെതിരെ ഭാരത് ബയോടെക്ക് തദ്ദേശീയമായി വികസിപ്പിക്കുന്ന കോവാക്സിന്റെ ക്ലിനിക്കൽ ട്രയൽ ചൊവ്വാഴ്ച ഹൈദരാബാദിലെ നിസാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ആരംഭിച്ചു. ക്ലിനിക്കൽ ട്രയലിനായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ അനുമതി ലഭിച്ച 12 സ്ഥാപനങ്ങളിൽ ഒന്നാണ് നിംസ്.
പട്നയിലെ ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വെള്ളിയാഴ്ച 100 പേരിൽ പരീക്ഷണം ആരംഭിക്കും. ഐ.സി.എം.ആറിന്റെ പുണെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് രോഗികളുടെ സാമ്പിളുകളിൽനിന്ന് ശേഖരിച്ച കോവിഡ് 19ന്റെ ജനിതകഘടകങ്ങൾ ഉപയോഗിച്ചാണ് ഭാരത് ബയോടെക്ക് ‘ബിബിവി152 കോവിഡ് വാക്സിൻ’ വികസിപ്പിച്ചത്.ക്ലിനിക്കൽ പരീക്ഷണങ്ങൾ പരിചയമുള്ള വിദഗ്ധരെയാണ് ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും ആദ്യഘട്ട ട്രയലിനായുള്ള രജിസ്ട്രേഷൻ തുടങ്ങിയെന്നും പട്ന എയിംസ് തലവൻ ഡോ സി.എം. സിങ് പറഞ്ഞു. ആദ്യ ഘട്ടത്തിനായി 28 ദിവസം വേണ്ടിവരും. മനുഷ്യരിലെ പരീക്ഷണം പൂർത്തിയാകാൻ ആറ് മുതൽ എട്ട് മാസം വരെ സമയമെടുക്കും. ഒപ്പം കൂടുതൽ ആളുകൾ സന്നദ്ധത അറിയിക്കുന്നതനുസരിച്ച് പരീക്ഷണം നടത്തുന്നതിന്റെ എണ്ണം ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ ഘട്ടത്തിന്റെ ഫലം പരിശോധിച്ച ശേഷമായിരിക്കും മറ്റ് ഘട്ടങ്ങളിലേക്ക് കടക്കുക. ഐ.സി.എം.ആറിന്റെ അനുമതി ലഭിച്ചതിനെത്തുടർന്ന് മനുഷ്യരിൽ പരീക്ഷണം നടത്താനുള്ള ഒരുക്കങ്ങൾ വേഗത്തിൽ പൂർത്തീകരിക്കുകയായിരുന്നു. ഡൽഹി, വിശാഖപട്ടണം, റോത്തക്ക്, പട്ന, ബംഗളൂരു, നാഗ്പൂർ, ഗോരഖ്പൂർ, ഹൈദരാബാദ്, ആര്യനഗർ, കാൺപൂർ, ഗോവ, കാട്ടൻകുളത്തൂർ എന്നിവിടങ്ങളിലായി 12 സ്ഥാപനങ്ങളെയാണ് ക്ലിനിക്കൽ പരിശോധനക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
Post Your Comments