KeralaLatest NewsNews

നിശാപാര്‍ട്ടിയിലെ ബെല്ലി ഡാന്‍സ് നര്‍ത്തകിയെത്തിയത് വീസാ ചട്ടം ലംഘിച്ച് ; യുവതി യുക്രൈന്‍ സ്വദേശി

ഇടുക്കി: ഇടുക്കി രാജാപ്പാറയിലെ നിശാപാര്‍ട്ടിക്കെത്തിയ ബെല്ലി ഡാന്‍സ് നര്‍ത്തകി യുക്രൈന്‍ സ്വദേശിനിയെന്ന് കണ്ടെത്തി. ടൂറിസ്റ്റ് വീസയിലെത്തിയ ഗ്ലിംഗാ വിക്‌റ്റോറയാണ് നര്‍ത്തകി. എന്നാല്‍ ഇടുക്കി എസ്പിയുടെ അഭ്യര്‍ത്ഥനപ്രകാരം വിദേശകാര്യമന്ത്രാലയത്തിന് കീഴിലുള്ള ഫോറിന്‍ റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസ് (എഫ്ആര്‍ആര്‍ഒ) നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇവര്‍ വീസാ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തി.

ടൂറിസ്റ്റ് വീസയിലെത്തിയ ആള്‍ക്ക് പ്രതിഫലം വാങ്ങി ജോലി ചെയ്യുന്നതിനും, പരിപാടികളില്‍ പങ്കെടുക്കുന്നതിനും വിലക്കുള്ള സാഹചര്യത്തില്‍ ഇവര്‍ പ്രതിഫലം വാങ്ങി നൃത്തം ചെയ്തതായി കണ്ടെത്തി. ഇവരെ നാട്ടിലേക്ക് തിരിച്ചയക്കാനാണ് തീരുമാനം. രാജാപ്പാറയില്‍ അല്ലാതെ മറ്റെതെങ്കിലും പരിപാടിയില്‍ ഇവര്‍ പങ്കെടുത്തോയെന്നും അന്വേഷണം നടക്കുകയാണ്. വീസ അനുസരിച്ച് അടുത്തമാസം അവസാനം വരെ ഇന്ത്യയില്‍ തങ്ങാന്‍ ഇവര്‍ക്ക് അനുമതിയുണ്ടെങ്കിലും വീസ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതോടെ ഇവരെ ഉടനെ നാട്ടിലേക്ക് തിരിച്ചയ്ക്കും.

കഴിഞ്ഞ 28നാണ് തണ്ണിക്കോട്ട് മെറ്റല്‍സ് എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സ്വകാര്യ റിസോര്‍ട്ടില്‍ കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും നടന്നത്. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ഉള്‍പ്പടെ 33 പേരെ ശാന്തന്‍പാറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇനി 14 പേര്‍കൂടി അറസ്റ്റിലാവാനുണ്ട്.

shortlink

Post Your Comments


Back to top button