ന്യൂഡൽഹി∙ തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വർണക്കടത്ത് കേസിന്‍റെ വിശദാംശങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കസ്റ്റംസിനെ കൂടാതെ മറ്റ് കേന്ദ്ര ഏജൻസികളെ അന്വേഷണം ഏൽപ്പിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും. കേസിന്‍റെ വിവരങ്ങള്‍ ഇന്റലിജൻസ് ബ്യൂറോയും പരിശോധിച്ചു.രാജ്യാന്തര ബന്ധങ്ങൾ, ഉന്നത ഇടപെടലുകൾ എന്നിവയാണ് ഐബി പരിശോധിക്കുന്നത്.
അതേസമയം, അന്വേഷണത്തിന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചത് നാടകമാണെന്നാണ് ബിജെപിയുടെ പരിഹാസം. സിബിഐ അന്വേഷണം ആവശ്യപ്പെടാതെയായിരുന്നു മുഖ്യമന്ത്രിയുടെ കത്ത്. കത്തയയ്ക്കുന്നതിന് പകരം സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യുകയാണ് വേണ്ടതെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് ആവശ്യപ്പെട്ടു.
എന്തിനീ ചവിട്ടുനാടകം പിണറായി വിജയൻ? എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു. കേസ് സിബിഐക്കു വിടാൻ ഒരു തീരുമാനം സർക്കാരിനെടുക്കാമായിരുന്നില്ലേ? എന്നും അദ്ദേഹം ചോദിച്ചു.
Post Your Comments