ലഖ്‌നൗ: ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം റെയ്‌ഡിനെത്തുന്ന വിവരം ഗുണ്ടാത്തലവന്‍ വികാസ് ദുബെയ്‌ക്കു ചോര്‍ത്തിക്കൊടുക്കുകയും രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്‌തതിന്റെ പേരില്‍ രണ്ടു പോലീസ് ഓഫീസര്‍മാര്‍ അറസ്‌റ്റില്‍.
ഉത്തര്‍ പ്രദേശ് ചൗബെയ്‌പുര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിനയ് തിവാരി, ബീറ്റ് ഓഫീസറായ എസ്.ഐ: കെ.കെ. ശര്‍മ എന്നിവരെയാണ് കാണ്‍പുര്‍ പോലീസ് അറസ്‌റ്റ് ചെയ്‌തത്. തിവാരിയും ശര്‍മയും റെയ്‌ഡ് വിവരം ചോര്‍ത്തിക്കൊടുത്തതിനു തെളിവു ലഭിച്ചതായി കാണ്‍പുര്‍ എസ്.എസ്.പി. ദിനേഷ് പ്രഭു പറഞ്ഞു.
പോലീസുകാര്‍ കൂട്ടക്കൊല ചെയ്യപ്പെട്ട ഏറ്റുമുട്ടലിനു പിന്നാലെ ചൗബെയ്‌പുര്‍ സ്‌റ്റേഷനിലെ 68 പോലീസുകാരെയും റിസര്‍വ് പോലീസ് വിഭാഗത്തിലേക്കു മാറ്റിയിരുന്നു. സമീപ സ്‌റ്റേഷനുകളിലായി ഇരുനൂറോളം പോലീസുകാര്‍ നിരീക്ഷണത്തിലാണ്. റെയ്‌ഡ് വിവരം ചോര്‍ന്നുകിട്ടിയതോടെ ദുബെയുടെ സംഘം പതിയിരുന്ന് പോലീസ് സംഘത്തിനു നേരേ എ.കെ-47 തോക്കുകളടക്കം ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. ഡിവൈ.എസ്.പി. ദേവേന്ദ്ര മിശ്രയടക്കം എട്ടു പോലീസുകാരാണു കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഒളിവില്‍പ്പോയ ദുബെയെ പിടികൂടാനായിട്ടില്ല.
ദുബെയ്‌ക്കു പോലീസില്‍നിന്നു തന്നെയാണു റെയ്‌ഡ് വിവരം ചോര്‍ന്നുകിട്ടിയതെന്നു നേരത്തേ അറസ്‌റ്റിലായ ഒരാള്‍ മൊഴി നല്‍കിയിരുന്നു. വിനയ് തിവാരിയടക്കമുള്ള ഉദ്യോഗസ്‌ഥര്‍ വികാസ് ദുബെയുടെയും മറ്റും ഗുണ്ടാസംഘങ്ങള്‍ക്കു സഹായം നല്‍കുന്നതു വിവരിച്ച് ദേവേന്ദ്ര മിശ്ര നേരത്തേ കാണ്‍പുര്‍ എസ്.പി. അനന്ത് ദേവ് തിവാരിക്കയച്ച കത്തും നിര്‍ണായകമായി.അതിനിടെ, വികാസ് ചൗബെ ചൊവ്വാഴ്‌ച വൈകുന്നേരം ഡല്‍ഹി-ഹരിയാന അതിര്‍ത്തി മേഖലയിലെ ഫരീദാബാദിലെ ഒരു ഹോട്ടലില്‍ എത്തിയിരുന്നതായി വിവരം ലഭിച്ചു.
പോലീസ് പാഞ്ഞെത്തിയപ്പോഴേക്കും ദുബെ രക്ഷപ്പെട്ടെങ്കിലും അയാളുടെ മൂന്ന് അനുചരന്മാരെ ഹ്രസ്വമായ ഏറ്റുമുട്ടലില്‍ പിടികൂടാനായി. പ്രത്യേക ദൗത്യ സംഘമടക്കം യു.പി. പോലീസിന്റെ 25 സംഘങ്ങളാണു ദുബെയെ പിടികൂടാനുള്ള ദൗത്യത്തില്‍ ഏര്‍പ്പെടിടിരിക്കുന്നത്. ഇയാളെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് രണ്ടര ലക്ഷം രൂപ സമ്മാനം നല്‍കുമെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത് അഞ്ചു ലക്ഷം രൂപയായി ഉയര്‍ത്തി.
Post Your Comments