Latest NewsKeralaNews

ആപ്പ് വഴി 599 രൂപയ്ക്ക് മൊബൈല്‍ റീച്ചാര്‍ജ് ചെയ്ത യുവാവിന് നഷ്ടമായത് വൻ തുക

കോഴിക്കോട് : മൊബൈല്‍ ആപ്പ് വഴി 599 രൂപയ്ക്ക് ഫോണില്‍ റിച്ചാര്‍ജ് ചെയ്ത കോഴിക്കോട് സ്വദേശിക്ക് 14,400 രൂപ നഷ്ടമായതായി പരാതി. എലത്തൂർ പുതിയനിരത്ത് ‘ശ്രീരാഗ’ത്തിൽ പി.ഷിബുവിനാണ് പണം നഷ്ടമായത്. ജൂൺ മൂന്നിനാണ് ഇദ്ദേഹം മൊബൈലിൽ ആപ്പ് ഡൗൺലോഡ് ചെയ്ത് 599 രൂപയ്ക്ക് ഫോൺ റീചാർജ് ചെയ്തത്. പിന്നീട് മറ്റൊരു ബാങ്കിലേക്ക് 8140 രൂപയുടെ ചെക്ക് നല്‍കിയപ്പോള്‍ മതിയായ നിക്ഷേപമില്ലെന്ന കാരണത്താല്‍ 590 രൂപ പിഴ ഈടാക്കിയ അറിയിപ്പുവന്നപ്പോഴാണ് അക്കൗണ്ടില്‍ നിന്ന് 14,400 രൂപ നഷ്ടമായതായി മനസിലായതെന്ന് ഇദ്ദേഹം പറഞ്ഞു.

ജൂണ്‍ 16 മുതല്‍ ജൂലായ് ഒന്നുവരെയുള്ള വിവിധ തീയതികളില്‍ 400, 800, 1600 രൂപ എന്നിങ്ങനെ പല തവണകളിലായി 14,400 രൂപയുടെ ഇടപാട് നടന്നതെന്നാണ് ബാങ്ക് നല്‍കുന്ന വിവരം. അതേസമയം സംഭവത്തില്‍ ഒ.ടി.പി.പറഞ്ഞുകൊടുത്തോ രണ്ടാമതൊരാൾ എ.ടി.എം.കാർഡിലെ പിൻനമ്പർ ഉപയോഗിച്ച് പിൻവലിച്ചതോ അല്ലാത്തതിനാൽ പരാതിയിൽ കേസ് എടുക്കുന്ന കാര്യം തീരുമാനമായിട്ടില്ലെന്നാണ് കോഴിക്കോട് നടക്കാവ് പൊലീസ് പറയുന്നത്.

അതേസമയം നഗരത്തിലെ വ്യത്യസ്തസ്റ്റേഷനുകളിൽ ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടതായുള്ള പരാതികൾ നേരത്തേയുണ്ട്. ടൗൺ സ്റ്റേഷനിൽ ഇത്തരത്തിലുള്ള നാല് പരാതികളുണ്ട്. നഗരത്തിലെ ഒരു വ്യാപാരി ചരക്കുലഭിക്കാൻ ഛത്തീസ്ഗഢിലുള്ള സ്ഥാപനത്തിന് ഓൺലൈനിൽ പണമടച്ചപ്പോൾ 1,01,600 രൂപ നഷ്ടപ്പെട്ടതായി ടൗൺ പോലീസ് അറിയിച്ചു. അന്വേഷണത്തിൽ മേൽവിലാസം വ്യാജമായിരുന്നു.
ഒ.ടി.പി.നമ്പർ പറഞ്ഞുകൊടുത്തതിനാലാണ് ഇയാൾക്ക് പണം നഷ്ടപ്പെട്ടത്. ഇതുകൂടാതെ കരസേനയുടെ പഴയ വാഹനങ്ങൾ വിൽക്കാനുണ്ടെന്ന പരസ്യംകണ്ട് അപേക്ഷിച്ച ഒരാൾക്ക് 35,000 രൂപയും മറ്റൊരാൾക്ക് 40,000 രൂപയും നഷ്ടപ്പെട്ടതായി എസ്.ഐ.കെ.ടി. ബിജിത്ത് പറഞ്ഞു. എന്നാൽ ഈ കേസുകളിലും ഫോണിലൂടെ ഒ.ടി.പി. നമ്പർ പറഞ്ഞുകൊടുത്തിട്ടുണ്ടെന്നും പോലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button