KeralaLatest NewsNews

സ്വർണ്ണക്കടത്ത്: മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണം: കെ.സുരേന്ദ്രൻ

കോഴിക്കോട്: രാജ്യസുരക്ഷയെ ബാധിക്കുന്ന സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ വ്യക്തമായ സ്ഥിതിക്ക് പിണറായി വിജയൻ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

സ്വർണ്ണകള്ളക്കടത്തിൽ പ്രധാന പങ്കുവഹിച്ചയാൾ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായതുകൊണ്ട് തന്നെ ആരോപണം മുഖ്യമന്ത്രിയിലേക്ക് നീങ്ങുകയാണ്. മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിൻ്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ പ്രിൻസിപ്പൽ സെക്രട്ടറി ഇതൊക്കെ ചെയ്യുമെന്ന് മലയാളികൾ വിശ്വസിക്കില്ലെന്നും കോഴിക്കോട് നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

ഈ കേസിൽ മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവ് എങ്ങനെ ബന്ധപ്പെട്ടുവെന്ന് അന്വേഷിക്കണം. ഇവരുടെ വിദേശയാത്രകളും കൂടെ യാത്ര ചെയ്തവരുടെ ബന്ധങ്ങളും അന്വേഷിച്ചാൽ കൂടുതൽ വിവരങ്ങൾ പുറത്തു വരും. മുഖ്യമന്ത്രിയുടെ മകളുടെ വ്യവസായ സ്ഥാപനത്തിന് വേണ്ടി ശിവശങ്കരൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളം കൈപ്പിടിയിലൊതുക്കാൻ ഇടതു സർക്കാർ ശ്രമിച്ചത് ദുരൂഹമാണ്. സംസ്ഥാന പ്രോട്ടോകോൾ ഓഫീസർ വിമാനത്താവളത്തിൽ സ്ഥിരമായി കറങ്ങിനടക്കാറുണ്ടെന്ന വിവരങ്ങൾ പുറത്തുവരുന്നുണ്ട്. എല്ലാം കേന്ദ്ര ഏജൻസികൾ അന്വേഷിക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേന്ദ്ര ഏജൻസികൾ അന്വേഷിച്ചതുകൊണ്ടാണല്ലോ 30 കിലോ സ്വർണ്ണം പിടിച്ചതും മുഖ്യമന്ത്രിയുടെ ഓഫീസാണ് അതിന് പിന്നിലെന്നു മനസിലായതുമെന്നും സുരേന്ദ്രൻ പരിഹസിച്ചു.

സംസ്ഥാനം അന്വേഷിച്ച കേസുകളുടെയെല്ലാം അവസ്ഥ ജനങ്ങൾക്കറിയാം. പിണറായി വിജയൻ്റെ പൊലീസാണ് അന്വേഷിച്ചിരുന്നതെങ്കിൽ സ്വർണ്ണം വിഭൂതിയായി മാറിയേനേ. തൻ്റെ ഓഫീസിന് ഇതിൽ എന്താണ് ബന്ധമെന്നാണ് പിണറായി അന്വേഷിക്കേണ്ടത്. സോളാർ കേസ് അട്ടിമറിച്ച പിണറായി സർക്കാർ ഉമ്മൻചാണ്ടി ചെയ്തതിനേക്കാൾ എത്ര അഴിമതി നടത്താനാവും എന്നാണ് ഗവേഷണം നടത്തുന്നത്. ചില ഉന്നത പൊലീസ് ഓഫീസർമാരുടെ സംരക്ഷണയിലാണ് സ്വപ്ന സുരേഷ് എന്ന വാർത്തകൾ വരുന്നുണ്ട്. സ്വന്തം മൂക്കിന് താഴെയുള്ള വിവാദ വനിതയെ കണ്ടെത്താൻ ആവുന്നില്ലെങ്കിൽ പിന്നെന്തിനാണ് ആഭ്യന്തരവകുപ്പെന്ന് പിണറായി ജനങ്ങളോട് പറയണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

സ്വർണ്ണക്കടത്തിൻ്റെ കേന്ദ്രമാക്കി ക്ലിഫ് ഹൗസ് മാറ്റിയ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കോഴിക്കോട് ജില്ലാകമ്മിറ്റി കിഡ്സൺ കോർണറിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണയിൽ ജില്ലാ പ്രസിഡൻറ് വി.കെ സജീവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.വി രാജൻ, സംസ്ഥാന സെക്രട്ടറിമാരായ പി.രഘുനാഥ്, കെ.പി പ്രകാശ്ബാബു, ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡൻറ് എൻ.പി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button