ന്യൂഡല്‍ഹി: യുഎന്നില്‍ പാകിസ്താനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഇന്ത്യ. ആഗോളതലത്തില്‍ ഭീകരതയെ വെള്ളവും വളവും നൽകി വളർത്തുന്ന രാജ്യമാണ് പാക്കിസ്ഥാനെന്ന് ഇന്ത്യ വിമർശിച്ചു. എന്തുകൊണ്ടാണ് ഭീകരരുടെ സ്വര്‍ഗ രാജ്യമെന്ന് പാകിസ്താനെ വിശേഷിപ്പിക്കുന്നത്. ഇതിൽ പാകിസ്താന്‍ ആത്മപരിശോധന നടത്തണമെന്നും ഇന്ത്യ വ്യക്തമാക്കി.
ഭീകരവിരുദ്ധ വാരാചരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച വെബിനാറിലാണ് ഇന്ത്യ പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ചത്. ”ആഗോള ഭീകരവാദം: അപകടസാധ്യതകളും പ്രവണതകളും വിലയിരുത്തല്‍, ഭീകരവാദത്തിന്റെ വളര്‍ച്ചയും മഹാമാരിക്കിടയിലെ വിദ്വേഷ പ്രചാരണവും’ എന്ന വിഷയത്തിലാണ് വെബിനാര്‍ സംഘടിപ്പിച്ചത്. ഇന്ത്യയെ പ്രതിനിധീകരിച്ച് മഹാവീര്‍ സിംഗ്‌വിയാണ് വെബിനാറില്‍ പങ്കെടുത്തത്.
പാകിസ്താനില്‍ 40,000ത്തോളം ഭീകരര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാര്യം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തന്നെ തുറന്നു സമ്മതിച്ചിട്ടുള്ള കാര്യമാണ്. ഈ ഭീകരര്‍ അയല്‍ രാജ്യങ്ങളെ ആക്രമിക്കുകയാണ്.‘ലോകം മുഴുവന്‍ മഹാമാരിക്കെതിരെ ഒന്നിച്ച് പോരാടുമ്പോള്‍ പാകിസ്താന്റെ കാര്യം ദൗര്‍ഭാഗ്യകരമാണ്. അതിര്‍ത്തി കടന്നുള്ള ഭീകരത പ്രോത്സാഹിക്കുന്നതിനു പുറമെ, പാകിസ്താന്‍ ഇന്ത്യക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ സാധ്യമായ എല്ലാവഴികളും തേടുകയാണ്. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഉള്‍പ്പെടെ ഇടപെടല്‍ നടത്താനും പാകിസ്താന്‍ ശ്രമിക്കുന്നു’. മഹാവീര്‍ സിംഗ്‌വി പറഞ്ഞു.
ഭീകരവാദത്തെ അടിച്ചമര്‍ത്താന്‍ പാകിസ്താനോട് അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടണം. ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കാന്‍ ഭീകരര്‍ക്ക് പാകിസ്താന്‍ സൈനികവും സാമ്പത്തികവുമായ സഹായം നല്‍കുകയാണ്. ജമ്മു കശ്മീര്‍ ഉള്‍പ്പെടെയുള്ള ആഭ്യന്തര വിഷയങ്ങളില്‍ പാകിസ്താന്‍ ഇടപെടാന്‍ ശ്രമിക്കുന്നതിനെയും ഇന്ത്യ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.
ഹിന്ദു, ക്രിസ്ത്യന്‍, അഹമ്മദിയ, സിഖ് എന്നീ വിഭാഗങ്ങളില്‍ നിന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും സിംഗ്‌വി ചൂണ്ടിക്കാട്ടി. ബലൂചിസ്താന്‍, ഖയ്ബര്‍ പഖ്തുന്‍ഖ്വ എന്നിവിടങ്ങളിലെ ജനങ്ങള്‍ അനുഭവിക്കുന്ന മുഷ്യാവകാശ ലംഘനങ്ങളും ഇന്ത്യ യുഎന്നിനു മുന്നില്‍ തുറന്നുകാട്ടി. ഈ പ്രദേശങ്ങളിലെ ന്യൂനപക്ഷങ്ങള്‍ മതപരവും സാംസ്‌കാരികപരവുമായ വിവേചനങ്ങള്‍ അനുഭവിക്കുന്നുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് എല്ലാ മതങ്ങള്‍ക്കും തുല്യ പ്രാധാന്യമാണുള്ളത്. ന്യൂനപക്ഷങ്ങളിലെ അംഗങ്ങള്‍ രാഷ്ട്രപതിയുടേയും പ്രധാനമന്ത്രിയുടേയും ഉള്‍പ്പെടെയുള്ള ഉന്നത ഓഫീസുകളില്‍ ജോലി ചെയ്യുന്നുണ്ടെന്നും എന്നാല്‍ ഇത് പാകിസ്താന് സ്വപ്‌നം കാണാന്‍പോലും സാധിക്കില്ലെന്നും സിംഗ്‌വി വ്യക്തമാക്കി.
പാക് ഭീകര സംഘടനകളായ ജയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ എന്നിവയിലെ 6,500 ഓളം ഭീകരര്‍ അഫ്ഗാനിസ്താനില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന യുഎന്‍ സുരക്ഷ സമിതിയുടെ കണ്ടെത്തലും ഇന്ത്യ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടി.
Post Your Comments