അഞ്ജു പാര്‍വതി പ്രഭീഷ്
മങ്ങിയ മിഴികൾ പടിക്കലേയ്ക്ക് ചായ്ച് വരാന്തയിൽ ചടഞ്ഞിരിക്കുന്ന ഒരച്ഛനെയും ആ അച്ഛൻ മരണംവരേയ്ക്കും അനുഭവിച്ച പുത്രദുഃഖത്തെയും കൃത്യമായി രാഷ്ട്രീയചാണകൃന്മാർ ഓർത്തെടുക്കുന്നത് തെരഞ്ഞെടുപ്പുവേളകളിലാണെങ്കിലും അടിയന്തരാവസ്ഥയെന്ന വാക്ക് കേൾക്കുമ്പോഴും ഓരോ ലോക്കപ്പ് മരണങ്ങൾ വാർത്തയാകുമ്പോഴും കേരളീയ പൊതുസമൂഹത്തിന്റെ മനസാക്ഷിക്കോടതിയിൽ രാജനെന്ന മകനും ഈച്ചരവാര്യരെന്ന അച്ഛനും നീതിദേവതയെ നോക്കി നില്ക്കാറുണ്ട്. അതുപോലെ ഒരച്ഛൻ സമകാലികകേരളത്തിലുമുണ്ട്. അപകടമരണമെന്ന ലേബലിൽ സ്വർണ്ണക്കടത്തുമാഫിയ നടത്തിയ ആസൂത്രിതകൊലപാതകത്തിൽ അകാലത്തിൽ പൊലിഞ്ഞുപ്പോയ ഒരു മകന്റെയും അവന്റെ ഒന്നരവയസ്സുള്ള മകളുടെയും ആത്മാക്കൾക്ക് നീതി ഉറപ്പാക്കാൻ നെട്ടോട്ടമോടുന്ന ഒരച്ഛൻ. ആ അച്ഛനെ അത്രമേൽ നമുക്കറിയില്ലെങ്കിലും ആ മകനെ ലോകമെമ്പാടുമുള്ള മലയാളികൾ അറിയും-സംഗീതലോകത്തിന്റെ ഉദയസൂര്യനായിരുന്ന,ഓരോ മലയാളിയുടെയും അഭിമാനമായിരുന്ന ബാലഭാസ്കർ !
ജീവിച്ചിരുന്ന ബാലഭാസ്കർ കലാകേരളത്തിനു ഒഴിച്ചുകൂട്ടാനാവാത്ത സാനിധ്യമായിരുന്നു. സാംസ്കാരികകേരളത്തിന്റെ പെരുമ വിളിച്ചോതുന്ന വേദികൾക്കെല്ലാം അനിവാര്യമായിരുന്നു ആ വയലിൻ മാന്ത്രികത. പക്ഷേ മരണമടഞ്ഞ, അല്ല ആസൂത്രിത അപകടമരണത്തിൽ പൊലിഞ്ഞ ബാലഭാസ്കർ പ്രബുദ്ധരാഷ്ട്രീയ കേരളത്തിനു ഒരു ബാധ്യതയും. ബാധ്യതയെന്ന വാക്ക് ഉപയോഗിക്കേണ്ടി വന്നതിൽ അങ്ങേയറ്റത്തെ ഖേദമുണ്ടെങ്കിലും ആ ആസൂത്രിത അപകടമരണത്തിനു നമ്മുടെ സംസ്ഥാനത്തെ അന്വേഷണഏജൻസികൾ പുലർത്തിയ തികഞ്ഞ അനാസ്ഥയും പിടിപ്പുക്കേടും കാണുമ്പോൾ അങ്ങനെ പറയാതെ തരമില്ല. സ്വർണ്ണക്കടത്തു മാഫിയയും കേരളത്തിലെ എയർപോർട്ടുകൾ വഴി നടത്തപ്പെടുന്ന അനധികൃതസ്വർണ്ണക്കടത്തും നിത്യവാർത്തയാകുമ്പോഴും അന്വേഷണ ഏജൻസികൾ അതിനെതിരെ എന്ത് നടപടികളാണ് കൈക്കൊള്ളുന്നത്? സ്വർണ്ണം കടത്തുന്ന ഇടനിലക്കാരെ മാത്രം മുൻനിറുത്തി കേസന്വേഷണം നടത്തും. സ്വർണ്ണകടത്ത് മാഫിയയിലേയ്ക്കുള്ള വഴികൾ തേടിപ്പോകാൻ മടിക്കും .പഴുതടച്ചുള്ള അന്വേഷണം സാധ്യമാകാത്തത് എന്തുകൊണ്ട്?അതിന്റെ ഉത്തരം ഉന്നതരാഷ്ട്രീയ സ്വാധീനമുളള വമ്പൻ സ്രാവുകൾ ആണ് ഈ രാജ്യദ്രോഹക്കുറ്റത്തിനു ചുക്കാൻ പിടിക്കുന്നത് എന്നത് തന്നെ.
ഇന്ന് ഓരോ സ്വർണ്ണക്കടത്ത് വാർത്തകൾ പുറത്തുവരുമ്പോഴും മലയാളികളിൽ ഏറിയപങ്കും ആദ്യമോർക്കുന്നത് ബാലഭാസ്ക്കറെ കുറിച്ചും ആ ആസൂത്രിതഅപകടത്തെക്കുറിച്ചുമാണ്. കാരണം അദ്ദേഹത്തിന്റെയും കുഞ്ഞുമകളുടെയും മരണം കഴിഞ്ഞുള്ള അടുത്തദിവസങ്ങളിൽ തന്നെ ബന്ധുക്കൾ ആരോപിച്ചിരുന്നതാണ് ആ അപകടത്തിലെ ദുരൂഹതയും അതിലേയ്ക്ക് വിരൽചൂണ്ടുന്ന സ്വർണ്ണക്കടത്ത് മാഫിയയെയും. ആ ആരോപണങ്ങൾ നൂറു ശതമാനവും സത്യമാണെന്ന് തെളിയിച്ചു ഡ്രൈവർ അർജുന്റെ കള്ളമൊഴിയും പിന്നീട് സ്വർണ്ണക്കടത്തിനു പിടിയിലായ വമ്പന്മാർക്ക് ബാലഭാസ്ക്കറുമായിട്ടുണ്ടായിരുന്ന അടുത്ത ബന്ധം. തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണ്ണക്കടത്തിന്റെ പേരിൽ വിഷ്ണുവിനെയും പ്രകാശ് തമ്പിയെയും അറസ്റ്റ് ചെയ്തപ്പോഴും ബാലഭാസ്കർ എന്ന പേര് സൗകര്യം പൂർവ്വം മറക്കാനാണ് ഇവിടുത്തെ മാധ്യമപ്രവർത്തകരും രാഷ്ട്രീയക്കാരും ശ്രമിച്ചത്. കാര്യങ്ങൾ ഇത്രമേൽ പകൽപ്പോലെ വ്യക്തമായിരുന്നിട്ടും കേരളത്തിലെ എത്ര സാംസ്കാരികനായകന്മാർ അല്ലെങ്കിൽ ഉന്നതരാഷ്ട്രീയനേതാക്കൾ ഈ മരണത്തിനു പിന്നിലെ ദുരൂഹത മറ നീക്കണമെന്ന ആവശ്യവുമായി വന്നു? കുറച്ചു കണ്ണീരൊഴുക്കുകയും അനുശോചന കുറിപ്പുകൾ ഇറക്കുകയും ജീവിച്ചിരുന്ന ബാലുവിന്റെ വാഴ്ത്തുപ്പാട്ടുകൾ പാടിയതിനുമപ്പുറം ബന്ധുക്കൾക്കൊപ്പം നിന്ന് അപകടമരണത്തിലെ അസ്വഭാവികത മാറ്റണമെന്ന ആവശ്യവുമായി ബാലുവിന്റെ സെലിബ്രിട്ടി സുഹൃത്തുക്കളിൽ എത്രപേർ മുന്നിൽനിന്നു? അരിയാഹാരം കഴിക്കുന്ന ഏതൊരു മലയാളിക്കും ഇന്ന് വ്യക്തമായിട്ടറിയാം ബാലഭാസ്ക്കർ അപകടത്തിൽ മരിച്ചതല്ല,മറിച്ച് അപകടത്തിൽപ്പെടുത്തി കൊന്നതാണെന്ന്. പക്ഷേ കേരളത്തിലെ അന്വേഷണ ഏജൻസികൾക്ക് മാത്രം അത് അങ്ങനെയല്ല.
ബാലുവിന്റെ അച്ഛനും അമ്മയും മറ്റു ബന്ധുക്കളും നിരന്തരമായി ശ്രമിച്ചതിന്റെ ഫലമായി ബാലഭാസ്കർ കേസ് സിബിഐ ക്കു വിടാൻ തീരുമാനമായിരുന്നു. പക്ഷേ അതിനുള്ള കേരള സർക്കാർ തീരുമാനം ഓർഡറായി വരാൻ ഒരുപാട് വൈകിയിരുന്നുവെന്നതാണ് സത്യം. സാംസ്കാരികകേരളത്തിനു അത്രമേൽ പേരും പെരുമയും നേടി കൊടുത്ത ഒരു സംഗീതഞ്‌ജന്റെ ദുരൂഹമരണത്തിന്റെ കെട്ടഴിക്കാനുള്ള സമയതാമസം ഇത്രമേൽ വരാൻ കാരണമെന്താവും? ശത്രുപക്ഷത്ത് ഉള്ളവർ ബാലുവിനൊപ്പമോ ഒരുപക്ഷേ ബാലുവിനേക്കാളോ വലിയ സെലിബ്രിട്ടികളോ ഉന്നതസ്വാധീനമുള്ളവരോ ആകാമെന്നതുതന്നെ. കഴിഞ്ഞ ഡിസംബർ പത്താം തീയതി ഓർഡർ വന്നപ്പോഴും കേസ് ബന്ധുക്കളുടെ സംശയങ്ങളുടെ പേരിൽ മാത്രം നിലനിൽക്കുന്നതെന്നും ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ എല്ലാം സ്വാഭാവികമെന്നു തെളിഞ്ഞതാണെന്നും വരുത്തിത്തീർത്തിരിക്കുന്നു. അതിനർത്ഥം ഈ കേസ് ഒരിക്കലും തെളിയരുതെന്നത് ആരുടെയൊക്കെയോ ആവശ്യമാണ്.
ബാലഭാസ്ക്കറിന്റെ അപകടമരണത്തിനു പിന്നിലെ ആസൂത്രണം ഇന്ന് കൂടുതൽ വ്യക്തമാവുന്നത് കലാരംഗത്തുള്ളവരെ രംഗത്തിറക്കി സ്വർണ്ണക്കടത്ത് മാഫിയ നടത്തുന്ന കളികൾ ഒന്നൊന്നായി വെളിച്ചത്തുവരുന്നതുകൊണ്ടാണ്. നടി ഷംനാ കാസിമിനെതിരെ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ടും സ്വർണ്ണക്കടത്ത് രഹസ്യങ്ങൾ വെളിയിൽ വന്നിരുന്നു. ധർമ്മജനെന്ന നടനെ ഫോണിൽ വിളിച്ചവർ സ്വയം പരിചയപ്പെടുത്തിയതും സ്വർണ്ണക്കടത്തുകാരെന്ന നിലയിലാണത്രേ. കലാരംഗത്തു പൊതുവിൽ പിടിമുറുക്കിയിട്ടുള്ള മാഫിയയുടെ ഭീകരതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. ഇപ്പോഴിതാ വരുന്ന വാർത്തകളിൽ സ്വപ്നയ്ക്കും സരിത്തിനുമൊക്കെ പ്രകാശ്തമ്പിയുമായിട്ടുള്ള ബന്ധവും തെളിയുന്നു.
ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിലും മിഡിൽ വുമൺ ആയി പ്രവർത്തിച്ചവരുടെ കിടപ്പറരഹസ്യം തപ്പാൻ മാത്രമാണ് മാധ്യമങ്ങളും രാഷ്ട്രീയപ്പാർട്ടികളും ശ്രമിക്കുന്നത്. സരിതാക്കേസ് പോലെയല്ല സ്വർണ്ണക്കടത്ത് കേസ്.നിത്യേന കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ പിടിക്കുന്ന ചെറിയ ശതമാനം സ്വർണ്ണത്തിൽ തുടങ്ങി ബാലഭാസ്കരുടെ അപകടമരണം മുതൽ ഷംനാ കാസിമിനെതിരെ നടന്ന തട്ടിപ്പിലടക്കം സ്വർണ്ണക്കടത്ത് മാഫിയയുടെ കരങ്ങൾക്ക് പങ്കുണ്ടെന്ന് വ്യക്തമായിട്ടും വെറും കിടപ്പറ തപ്പലിലേക്ക് മാത്രമാക്കി ഇതിന്റെ ഫോക്കസ് മാറ്റുന്നത് ഈ മാഫിയയുടെ ചരടുവലിക്കുന്നത് ഉന്നതരാഷ്ട്രീയബന്ധം ഉള്ളതിനാലാണ്.
ജസ്റ്റിസ് ഫോർ ബാലഭാസ്കർ വെറും ഹാഷ്ടാഗിൽ ഒരുങ്ങേണ്ട ഒന്നല്ലാ. ബാലഭാസ്ക്കറിനും കുഞ്ഞുമകൾക്കും നീതി തേടി അലയുന്ന ഒരു കുടുംബത്തിന്റെ നെഞ്ചുവിങ്ങിപ്പൊട്ടുന്ന വേദന കാണാതെപ്പോകരുത് നമ്മൾ. രക്തബന്ധത്തിന്റെ തീവ്രത മറക്കാൻ കഴിയാത്ത ഒരു പെൺകുട്ടി തന്റെ സഹോദരന്റെ ആത്മാവിനു വേണ്ടി സമൂഹമാധ്യമത്തിലൂടെ തുടങ്ങിയ ഒരു പോരാട്ടത്തെ കണ്ടില്ലെന്നു നടിക്കരുത് നമ്മൾ. പ്രിയാ വേണുഗോപാലെന്ന എന്റെ പ്രിയ കൂട്ടുകാരി അതിന്റെ പേരിൽകേട്ട പഴികളുടെയും അപവാദപ്രചാരണങ്ങളുടെയും കുത്തുവാക്കുകളുടെയും പ്രളയത്തിന് ഇന്നും അറുതിയില്ല. ഫേക്ക് മുഖം മൂടികൾ ആ പ്രൊഫൈലിൽ നടത്തിയ അഴിഞ്ഞാട്ടം,അവൾക്കു പിന്തുണ നല്കിയതിന്റെ പേരിൽ എനിക്ക് വന്ന സന്ദേശങ്ങൾ ഒക്കെ വെളിപ്പെടുത്തുന്നുണ്ട് ബാലഭാസ്ക്കറിന്റെ വീട്ടുകാർ നടത്തുന്ന നീതിക്കുവേണ്ടിയുളള പോരാട്ടം തന്നെയാണ് ശരി. അതുതന്നെയാണ് സത്യവും! പ്രിയയുടെ പോസ്റ്റിലെ അവസാനത്തെ വരികൾ തന്നെ ഇവിടെ ഞാൻ കടമെടുക്കുന്നു-ചിലർക്കൊരു നന്മയുണ്ട്, സത്യമുണ്ട്. അതാണ് അവരുടെ ശക്തിയും.. മരിച്ചാലും ആ ശക്തിയുടെ സാന്നിധ്യം ഇവിടെയൊക്കെയുണ്ടാവും. അത് ചിലരുടെ ‘സ്വപ്ന’ങ്ങൾക്ക് തടസവുമായേക്കും!!!
Post Your Comments