തൃശൂര്‍: യുഎഇ കോണ്‍സുലേറ്റിന്റെ മറവിലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. സ്വപ്ന ലോകത്ത് ഇരുന്ന് സ്വപ്ന നായികമാരെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും മുഖ്യമന്ത്രി അറിയാതെ സ്വപ്നയെ നിയമിച്ചത് പിണറായിയുടെ മകളുടെ സ്വാധീനം കാരണമാണെന്നും ബെന്നി ബെഹനാന്‍ ആരോപിച്ചു. കേരളം കണ്ട ഏറ്റവും വലിയ സ്വര്‍ണ്ണക്കടത്ത് കേസാണിതെന്നും കൂടുതല്‍ സ്വാധീനമുള്ള വ്യക്തികള്‍ ഇതിന് പിന്നിലുണ്ടെന്നും ഇത് ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തുവരുമെന്നും ബെന്നി ബെഹനാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിലാണ് ഏറ്റവും കൂടുതല്‍ കള്ളകടത്ത് നടന്നത്. പിണറായി സര്‍ക്കാരിന് നിയന്ത്രണമുള്ള കണ്ണൂര്‍ കേന്ദ്രീകരിച്ചാണ് കള്ളകടത്ത് ഏറെയും നടന്നത്. ധാര്‍മികതയുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നും ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു. സ്വപ്നയുടെ നിയമനം അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് വിശ്വസിക്കാനാകില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് ഇതിന് പിന്നില്‍ വ്യക്തമായ ബന്ധമുണ്ട്. മുഖ്യമന്ത്രി ഇതിന് മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.
ഐടി സെക്രട്ടറിയും സ്വപ്നയും തമ്മില്‍ അടുത്ത ബന്ധമാണ് ഉള്ളത്. സെക്രട്ടറി സ്വപ്നയുടെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകനായിട്ടും മുഖ്യമന്ത്രി അറിഞ്ഞില്ലേ എന്നും സെക്രട്ടറിയെ ഒഴിവാക്കിയതോടെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ബന്ധം ഇല്ലാതാകില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വപ്നയെ ഇവിടെ കൊണ്ടുവന്നത് പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സെന്നും യുഡിഎഫ് കണ്‍വീനര്‍ ആരോപിച്ചു.
കഴിഞ്ഞ മാസം 30നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ കോണ്‍സുലേറ്റ് കാര്‍ഗോയില്‍ സ്വര്‍ണം കണ്ടെത്തിയത്. തുടര്‍ന്ന് 15 കോടി രൂപയുടെ സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷാണെന്ന വിവരം ഇന്നലെയാണ് പുറത്തുവന്നത്. കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തിനെ ഇന്നലെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളും സ്വപ്നയും ചേര്‍ന്ന് തട്ടിപ്പുകള്‍ നടത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. നേരത്തെ യുഎഇ കോണ്‍സുലേറ്റില്‍ ഉദ്യോഗസ്ഥയായിരുന്നു സ്വപ്ന. പിന്നീട് ഐടി വകുപ്പിന് കീഴില്‍ ജോലിയില്‍ പ്രവേശിച്ചു. തട്ടിപ്പു വിവരം പുറത്തായതോടെ സ്വപ്നയെ ഐടി വകുപ്പ് ജോലിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. ഇപ്പോള്‍ സ്വപ്ന ഒളിവിലാണ്.
തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ സ്വപ്ന പഠിച്ചതും വളര്‍ന്നതുമെല്ലാം ഗള്‍ഫിലാണ്. ബാര്‍ ഹോട്ടല്‍ നടത്തിപ്പുകാരനായ അച്ഛനൊപ്പം ചെറുപ്രായത്തില്‍ തന്നെ സ്വപ്ന ബിസിനസില്‍ പങ്കാളിയായി. തുടര്‍ന്ന് പതിനെട്ടാം വയസിലാണ് തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശിയുമായുള്ള സ്വപ്നയുടെ വിവാഹം നടന്നത്. ഭര്‍ത്താവുമായും ചേര്‍ന്നായി പിന്നീട് ഗള്‍ഫിലെ ബിസിനസ്. എന്നാല്‍ സാമ്പത്തിക ബാധ്യതയുണ്ടായതോടെ ബിസിനസ് പൊളിഞ്ഞ് തിരിച്ച് നാട്ടിലേക്കെത്തി. ഇതോടെ ദാമ്പത്യവും തകര്‍ന്നു
ഇതിനിടയില്‍ തലസ്ഥാനത്തെ വന്‍കിട വ്യവസായികളുമായി അടുത്ത ബന്ധം സ്ഥാപിച്ച സ്വപ്ന ഇവരുടെ സഹായത്തോടെ വീണ്ടും ഗള്‍ഫിലേക്ക് പോവുകയും പിന്നീട് മടങ്ങിയെത്തുകയും ചെയ്തു. ആദ്യം ശാസ്തമംഗലത്തെ എയര്‍ ട്രാവല്‍സില്‍ ജീവനക്കാരിയായി. പിന്നീട് എയര്‍ ഇന്ത്യ സാറ്റ്‌സിലെത്തി. അവിടെ ജോലി ചെയ്യുമ്പോള്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ആള്‍മാറാട്ടത്തിന് വിധേയയാക്കിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.
അവിടെ നിന്നാണ് യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ പ്രൈവറ്റ് സെക്രട്ടറിയായുള്ള മാറ്റം. വിവിധ ഭാഷകളിലെ പ്രാവീണ്യവും ആരെയും ആകര്‍ഷിക്കാന്‍ കഴിയുന്ന സ്വഭാവം വഴി ഭരണതലത്തിലും ഉദ്യോഗസ്ഥരിലും അതിവേഗം സ്വാധീനമുണ്ടാക്കാന്‍ സ്വപ്നക്കായി. കോണ്‍സുലേറ്റില്‍ നിന്ന് വിസാ സ്റ്റാമ്പിംഗുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ തുടര്‍ന്നാണ് സ്വപ്ന പുറത്തായത്. പക്ഷെ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് പിന്നീട് പ്രവര്‍ത്തനകേന്ദ്രം കേരളത്തില്‍ സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് മാറ്റി. ഐടി വകുപ്പില്‍ സുപ്രധാന തസ്തികയിലെത്തിയ സ്വപ്ന കോണ്‍സുലേറ്റിലെ ചില ഉന്നതരുമായുള്ള ബന്ധം നിലനിര്‍ത്തിയിരുന്നു. തലസ്ഥാനത്ത് വലിയൊരു കെട്ടിടനിര്‍മ്മാണത്തിനും സ്വപ്ന തുടക്കം കുറിച്ചതായും ഒരു കാര്‍ റിപ്പയറിംഗ് കമ്പനിയിലും നിക്ഷേപം ഉള്ളതായും കസ്റ്റംസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.
Post Your Comments