COVID 19KeralaLatest NewsNews

രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രിയെ മാതൃകയാക്കിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, മുഖ്യമന്ത്രിയെ പരിഹസിച്ച് മുന്‍ മന്ത്രി ഷിബു ബേബി ജോണിന്റെ കുറിപ്പ്

സമൂഹവ്യാപനത്തിന്റെ സൂചനയെന്നോണം സമ്പര്‍ക്കമില്ലാത്ത കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം നഗരസഭയില്‍ ഇന്നു മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുന്‍മന്ത്രി ഷിബു ബേബി ജോണ്‍ പരിഹാസവുമായി രംഗത്ത് എത്തിയിരിക്കുന്നത്. മുന്നൊരുക്കത്തിന് വേണ്ടത്ര സമയം നല്‍കാതെ പെട്ടെന്നാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഒരാഴ്ചത്തേയ്ക്ക് വേണ്ട അവശ്യ സാധനങ്ങള്‍ വാങ്ങിസൂക്ഷിക്കാനുള്ള സമയം പോലും ജനത്തിന് ലഭിച്ചില്ല. ഇതു കൂടാതെ സ്വന്തം വീട്ടിലെത്താനാവാതെ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. മുന്നൊരുക്കമില്ലാതെ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രിയെ മാതൃകയാക്കിയിരിക്കുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിക്കുന്നു.

Read Also : എറണാകുളത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്ന് മന്ത്രി വി എസ് സുനിൽകുമാർ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മോദി ചെയ്തതും ഇതു തന്നെയല്ലേ?

ഭാവത്തിലും ഭരണത്തിലും മോദിയ്ക്ക് പഠിക്കുന്ന പിണറായി വിജയന്‍ ഇന്ന് തിരുവനന്തപുരത്ത് ട്രിപിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മുന്നൊരുക്കങ്ങളൊന്നുമില്ലാതെ പെട്ടെന്നൊരു അര്‍ദ്ധരാത്രിയില്‍ മോദി രാജ്യമൊട്ടാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ജനം വലിയ ദുരിതങ്ങള്‍ അനുഭവിക്കേണ്ട സാഹചര്യമുണ്ടായി. അതിന് സമാനമായി മുന്നൊരുക്കങ്ങള്‍ക്ക് യാതൊരു സാവകാശവും നല്‍കാതെ തിരുവനന്തപുരം നഗരത്തില്‍ മുഴുവന്‍ ട്രിപിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഇക്കാര്യത്തിലും മോദിയെ മാതൃകയാക്കുകയാണ് പിണറായി വിജയന്‍. ജോലിസ്ഥലത്തും മറ്റും കുടുങ്ങിക്കിടക്കുന്ന നിരവധിപേര്‍, വീട്ടിലേക്ക് അവശ്യവസ്തുക്കള്‍ സ്റ്റോക്ക് ചെയ്തിട്ടില്ലാത്തവര്‍… ഇവരൊക്കെ ഇന്ന് നെട്ടോട്ടമോടുകയാണ്.

തിരുവനന്തപുരത്തെ കോവിഡ് വ്യാപനം ഇന്ന് പെട്ടെന്ന് ശ്രദ്ധയില്‍പെട്ട കാര്യമല്ല. രണ്ടുമൂന്ന് ദിവസമായി നഗരത്തില്‍ സാമൂഹ്യ വ്യാപനത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. പന്ത്രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും ജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കി അവര്‍ക്ക് മുന്‍കരുതലുകള്‍ കൈക്കൊള്ളാന്‍ സാവകാശം നല്‍കിയിരുന്നെങ്കില്‍ ഈ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാമായിരുന്നു.

ഇന്ന് ഞായറാഴ്ച്ചയാണ്. കടകമ്പോളങ്ങള്‍ മിക്കതും അടഞ്ഞുകിടക്കുകയാണ്. ഒരാഴ്ച്ചത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ സാധനങ്ങളുടെ ദൗര്‍ലഭ്യം ഉണ്ടാകും. മാത്രമല്ല തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കടക്കം തിരുവനന്തപുരം നഗരത്തില്‍ തങ്ങേണ്ടി വന്ന നിരവധി സ്ത്രീകള്‍ക്ക് രാത്രി തിരിച്ച് വീട്ടിലേക്ക് പോകാനും കഴിയില്ല. അവരെ ദുരിതത്തിലേക്ക് തളളിവിടാതെ കൂടുതല്‍ സമയം അനുവദിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button