COVID 19KeralaLatest NewsNews

കോവിഡ് വ്യാപനം: പത്തനംതിട്ട പോലീസ് കടുത്ത നടപടികളിലേക്ക്

പത്തനംതിട്ട • കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ടാകുന്ന സാഹചര്യത്തില്‍ സര്‍ക്കാരും, ആഭ്യന്തര, ആരോഗ്യ വകുപ്പുകളും പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ കടുത്ത നടപടികളിലേക്കു കടന്നതായി ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. സമൂഹ വ്യാപനമുണ്ടാവാതിരിക്കാന്‍ സാമൂഹ്യഅകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളും നിബന്ധനകളും ആളുകള്‍ നിര്‍ബന്ധമായും അനുസരിക്കണം. സമൂഹവുമായി കൂടുതല്‍ അടുത്തിടപഴകുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തണം. ജില്ലയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോവിഡ് ബാധയുണ്ടായത് അതീവ ഗൗരവതരമായി കാണേണ്ടതുണ്ട്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗപ്പകര്‍ച്ചയും സൂക്ഷിക്കണം. നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ കടുത്തനടപടികള്‍ക്കു പോലീസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതായി ജില്ലാപോലീസ് മേധാവി അറിയിച്ചു.

കടകള്‍, മറ്റുവ്യപാരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ 25 പേരില്‍ കൂടുതല്‍ ഒരുസമയം പാടില്ല, സാനിറ്റൈസര്‍ ഉടമ ലഭ്യമാക്കണം. പൊതുസ്ഥലത്തും ജോലിസ്ഥലത്തും വാഹനങ്ങളിലും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. പൊതുസ്ഥലത്തും, പരിപാടികള്‍ക്കും മറ്റും ഒത്തുകൂടുന്നവര്‍ ആറടി അകലം പാലിക്കണം. വിവാഹച്ചടങ്ങുകളില്‍ ഒരുസമയം 50 പേരില്‍ കൂടരുത്. സാനിറ്റൈസര്‍, മാസ്‌ക്, നിശ്ചിത അകലം പാലിക്കണം. അനുമതിയോടു കൂടി മാത്രമേ ജാഥകളും മറ്റും നടത്താവൂ, അതും 10 പേരെ മാത്രമേ അനുവദിക്കുകയുള്ളൂ.

റോഡിലും ഫുട്പാത്തിലും പൊതുസ്ഥലത്തും തുപ്പരുത്. ഇപ്പറഞ്ഞ നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുന്നവര്‍ക്കു 10000 രൂപവരെ പിഴയും രണ്ടു വര്‍ഷം വരെ തടവും ലഭിക്കാം. വ്യാപാര സ്ഥാപനങ്ങളിലെത്തുന്ന ഉപഭോക്താക്കള്‍ സുരക്ഷാമാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. വ്യാപാരികള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ അവരും അനുസരിക്കണം. പോലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ശ്രദ്ധാലുക്കളാവണം. യാത്രകള്‍ നിയന്ത്രിക്കുകയും, ഡ്യൂട്ടി കഴിഞ്ഞു നേരെ വീട്ടിലെത്തുകയും വേണം. സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുകയും നിയന്ത്രണങ്ങള്‍ പാലിക്കുകയും ചെയ്യണം. മുഖാവരണം ശീലമാക്കുകയും സാമൂഹ്യഅകലം പുലര്‍ത്തുകയും വേണം. സുരക്ഷാമാനദണ്ഡങ്ങള്‍ പോലീസ് ഉദ്യോഗസ്ഥര്‍ ലംഘിക്കരുതെന്നും ജില്ലാപോലീസ് മേധാവി ആവശ്യപ്പെട്ടു.

വീടുകളിലും സ്ഥാപനങ്ങളിലും ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ ലംഘിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍മാര്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളതായി ജില്ലാപോലീസ് മേധാവി അറിയിച്ചു. നേരിട്ടും അല്ലാതെയും ഇവരെ നിരീക്ഷിക്കുന്നുണ്ട്. ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍ നിയമത്തിലെ നിര്‍ദിഷ്ടവകുപ്പുകള്‍ കൂട്ടിച്ചേര്‍ത്ത് കേസെടുത്തു വരുന്നു. ജനമൈത്രി ബീറ്റ് ഓഫീസര്‍ക്ക് കിട്ടിയ വിവരമനുസരിച്ച് പന്തളം മങ്ങാരത്തു ഒരാള്‍ക്കെതിരെ പന്തളം പോലീസ് കേസെടുത്തു. കുവൈറ്റില്‍നിന്നുവന്ന മങ്ങാരം സ്വദേശിയായ 50 കാരനോട് ഇന്‍സ്റ്റിറ്റിയുഷണല്‍ ക്വാറന്റീനില്‍ പോകാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചുവെങ്കിലും ഇയാള്‍ അതിനു തയാറാകാതെ വീട്ടില്‍ കഴിയുകയും, എന്നാല്‍ റൂം ക്വാറന്റീനില്‍ തുടരാതെ പുറത്തിറങ്ങി നടക്കുകയും ചെയ്യുന്നതായറിഞ്ഞ ബീറ്റ് ഓഫീസര്‍ പോലീസ് ഇന്‍സ്പെക്ടറെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇത്തരം സംഭവങ്ങള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും, ഇതിനെതിരെ കര്‍ശന നിയമ നടപടികള്‍ തുടര്‍ന്നും കൈക്കൊള്ളുമെന്നും ജില്ലാപോലീസ് മേധാവി വ്യക്തമാക്കി.

ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍, മറ്റു സഹായങ്ങള്‍ തുടങ്ങിയവ അര്‍ഹര്‍ക്ക് എത്തിച്ചുവരുന്നതായും, അത്തരം പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുന്നുണ്ടെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു. ജനമൈത്രി, എസ്.പി.സി പ്രൊജക്റ്റ് തുടങ്ങിയ സംവിധാനങ്ങള്‍ ഇതിനായി പ്രയോജനപ്പെടുത്തിവരുന്നു. അതിഥി തൊഴിലാളികള്‍ക്കും വേണ്ടസഹായങ്ങള്‍ എത്തിക്കുന്നുണ്ട്.
പൊതുജനങ്ങള്‍ക്ക് കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട എന്തുസേവനങ്ങള്‍ക്കും ഏതുനേരവും ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെടാവുന്നതാണെന്നും സഹ്യാദ്രി സോള്‍ഡിയെഴ്‌സ് എന്ന സന്നദ്ധസംഘടനയുടെ നേതൃത്വത്തില്‍ നടന്ന ഭക്ഷണ കിറ്റ് വിതരണം ഫ്‌ളാഗ്ഓഫ് ചെയ്തുകൊണ്ട് ജില്ലാപോലീസ് മേധാവി അറിയിച്ചു.

ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ക്കു കേസ് രജിസ്റ്റര്‍ ചെയ്തുവരുന്നതായും ജില്ലാപോലീസ് മേധാവി പറഞ്ഞു. ഇന്നലെ 18 കേസുകള്‍ എടുത്തു, 17 പേരെ അറസ്റ്റ് ചെയ്യുകയും, ആറു വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 50 പേര്‍ക്ക് നോട്ടീസ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button