കൊച്ചി : സംസ്ഥാനത്ത് നാവികസേനയുടെ യൂണിഫോമും സൈനിക ചിഹ്നങ്ങളും ധരിച്ച് സൈനിക ഉദ്യോഗസ്ഥരായി ചമയുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് യൂണിഫോമുകളുടേയും ബാഡ്ജുകളുടേയും അനധികൃത വിൽപന തടയാൻ കേരള സർക്കാരിനോട് ആവശ്യപ്പെടുമെന്ന് നാവികസേന അറിയിച്ചു.
സൈനിക ഉദ്യോഗസ്ഥരായി ചമഞ്ഞ് വ്യാജ വേഷം ധരിക്കുന്നത് ഗുരുതര കുറ്റകൃത്യമാണെന്നും രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയായതിനാൽ ഇത്തരം പ്രവൃത്തികൾ തടയുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും നാവികസേന പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
ഗുജറാത്ത്, ശ്രീനഗർ, പഞ്ചാബ് സർക്കാരുകൾ ക്രിമിനൽ നിയമമനുസരിച്ച് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയതായും വാർത്താക്കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്.
നാവികസേനയിലെ ലെഫ്റ്റനന്റായി ചമഞ്ഞ് കൊച്ചിയിൽ യുവാവ് അറസ്റ്റിലായതോടെയാണ് നാവികസേന വാർത്താക്കുറിപ്പ് ഇറക്കിയത്. 23 കാരനായ പശ്ചിമ ബംഗാൾ സ്വദേശി രാജനാഥ് ആണ് പോലീസ് പിടിയിലായത്. നേവി യൂണിഫോം അണിഞ്ഞു യാത്ര ചെയ്യാറുളള ഇയാളെ സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. യൂണിഫോമും ബാഡ്ജുകളും ഇയാളിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. നേവി ഓഫിസറുടെ വേഷത്തിൽ ഒട്ടേറെ ടിക് ടോക് വിഡിയോകളും ഇയാൾ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബർ മുതൽ തേവരയിലെ അപാർട്മെന്റിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്. തേവരയിലെ ഒരു കടയിൽ നിന്നാണ് ഇയാൾക്ക് യൂണിഫോം തുന്നി ലഭിച്ചത്. ഇയാളുടെ താമസസ്ഥലത്ത് നിന്ന് യൂണിഫോമുകളും ബാഡ്ജുകളും കണ്ടെത്തിയിരുന്നു. മുൻപ് ഇതേ രീതിയിൽ ആൾമാറാട്ടം നടത്തി തട്ടിപ്പ് നടത്തിയ നിബിറ്റ് ഡാനിയേൽ എന്നയാളെ പൊലീസ് പിടികൂടിയിരുന്നു.
Post Your Comments