ലക്നൗ: ഉത്തർപ്രദേശിലെ കാണ്‍പൂരിൽ പോലീസുകാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. മാവോയിസ്റ്റ് ഭീകരരുടേതിന് സമാനമായ തരത്തില്‍ ക്രൂരമായ അക്രമണമാണ് നടന്നതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഗറില്ല മോഡല്‍ ആക്രമണമത്തില്‍ 8 പോലീസുകാരാണ് കൊല്ലപ്പെട്ടത്.
കൊടും കുറ്റവാളിയായ വികാസ് ദുബെയുടെ 60ഓളം വരുന്ന ഗുണ്ടാസംഘമാണ് പോലീസുകാരെ ക്രൂരമായി ആക്രമിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ധരും എസ്ടിഎഫ് യൂണിറ്റുകളും വ്യക്തമാക്കുന്നത്. ഡിഎസ്പി റാങ്കിലുള്ള സര്‍ക്കിള്‍ ഓഫീസര്‍ ദേവേന്ദ്ര മിശ്രയുടെ തലയും കാല്‍വിരലുകളും മൂര്‍ച്ഛയേറിയ ആയുധമുപയോഗിച്ച് വിച്ഛേദിക്കപ്പെട്ട നിലയിലായിരുന്നു.
സംഘത്തിലെ ഒരു സബ് ഇന്‍സ്പെക്ടര്‍ വെടിയേറ്റാണ് മരിച്ചത്. അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്നും 7 വെടിയുണ്ടകളാണ് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. പോയിന്റ് ബ്ലാങ്കില്‍ നിന്നാണ് അദ്ദേഹത്തിനു വെടിയേറ്റത്. കോണ്‍സ്റ്റബിളിന് എകെ-47 തോക്കില്‍ നിന്നാണ് വെടിയേറ്റതെന്നും കണ്ടെത്തി. ശിവ്രാജ്പൂര്‍ സ്റ്റേഷന് ഓഫീസറായ മഹേഷ് യാദവിന്റെ മുഖത്തും നെഞ്ചിലും തോളിലും വെടിയേറ്റിരുന്നു.
മാവോയിസ്റ്റ് ഭീകരരുടെ ആക്രമണ രീതിയാണ് ഇവരും പിന്തുടര്ന്നതെന്ന് കാണ്‍പൂര്‍ റേഞ്ച് ഐജി മോഹിത് അഗര്‍വാള്‍ പറഞ്ഞു. ആദ്യം ജെസിബി ഉപയോഗിച്ച് കെണിയൊരുക്കി. പിന്നീട് കെട്ടിടങ്ങളുടെ മുകളില്‍ നിന്ന് പോലീസ് സംഘത്തിന് നേരെ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു എന്ന് ഐജി പറഞ്ഞു.
Post Your Comments