ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുപ്രസിദ്ധ കുറ്റാവാളി വികാസ് ദുബെയ്‌ക്കെതിരെ അമ്മ സരളാദേവി. കാന്‍പുരില്‍ ഡിഎസ്പി ഉൾപ്പെടെ എട്ട് പോലീസുകാരുടെ മരണത്തിന് കാരണക്കാരനായ വികാസ് ദുബെയെ അറസ്റ്റ് ചെയ്യാൻ സാധിച്ചാലും കൊന്നുകളയണമെന്നാണ് സരളാദേവി പോലീസിനോടാവശ്യപ്പെട്ടിരിക്കുന്നത്. ദുബെയ്ക്ക് കഠിനമായ ശിക്ഷ തന്നെ ലഭിക്കണമെന്നും അവർ പറഞ്ഞു.
“അവൻ പോലീസിന് മുന്നിൽ സ്വയം കീഴടങ്ങുകയാണ് വേണ്ടത്, അതിന് തയ്യാറാവുന്നില്ലെങ്കിൽ ഏറ്റുമുട്ടലിലൂടെ പോലീസ് അവനെ കൊല്ലണം, പോലീസിന് അവനെ പിടികൂടാൻ സാധിച്ചാലും കൊന്നു കളയണം, കഠിനമായ ശിക്ഷ തന്നെ അവന് നൽകണം”, സരളാദേവി പറഞ്ഞു. നിരപരാധികളായ പോലീസുകാരെ കൊന്നതിലൂടെ അത്രയും വലിയ ക്രൂരതയാണ് ദുബെ ചെയ്തതെന്നും ഒളിവിൽ നിന്ന് പുറത്തു വരുന്നതാണ് ദുബെയ്ക്ക് നല്ലതെന്നും അവർ കൂട്ടിച്ചേർത്തു.
രാഷ്ട്രീയക്കാരുമായി കൂട്ടുകൂടിയതിന് ശേഷമാണ് ദുബെ കുറ്റകൃത്യങ്ങളിലേര്‍പ്പെടാന്‍ തുടങ്ങിയതെന്നും അവർ പറഞ്ഞു. മുന്‍ മന്ത്രി സന്തോഷ് ശുക്ലയെ വെടിവെച്ച് കൊന്നത് ദുബെയ്ക്ക് എം.എല്‍.എയാവാനായിരുന്നെന്നും സരാളാദേവി പറഞ്ഞു. ദുബെയെ കണ്ടിട്ട് നാല് മാസത്തോളമായെന്നും മകന്‍ കാരണം കുടുംബത്തിനും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഇളയമകന്റെ കൂടെ ലഖ്നൗവിലാണ് സരളാദേവി ഇപ്പോൾ താമസിക്കുന്നത്. വികാസ് ദുബെയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 50,000 രൂപ പ്രതിഫലം നല്‍കുമെന്ന് കാണ്‍പൂര്‍ ഐജി മോഹിത് അഗര്‍വാള്‍ പ്രഖ്യാപിച്ചിരുന്നു.
ദുബെയെ പിടികൂടാനെത്തിയ പോലീസുകാർക്ക് നേരെ ദുബെയുടെ അനുയായികൾ
വെടിവെയ്പ്പ് നടത്തുകയായിരുന്നു. ഇയാൾ ഒളിച്ച് താമസിച്ച ഗ്രാമത്തിലേക്കുള്ള റോഡ് മണ്ണിട്ട് തടസ്സപ്പെടുത്തിയാണ് പോലീസിനെ തടഞ്ഞത്. ഡെപ്യൂട്ടീ പോലീസ് സൂപ്രണ്ട് ദേവേന്ദ്ര മിശ്രയടക്കം റെയ്ഡില്‍ പങ്കെടുത്ത 8 പോലീസുകാരാണ് കൊല്ലപ്പെട്ടത്. കാന്‍പൂര്‍ ജില്ലയിലെ ബികാരൂ ഗ്രാമത്തിലാണ് പോലീസ് റെയ്ഡിനെത്തിയത്. 63ലേറെ കൊലപാതക കേസ്സുകളില്‍ പ്രതിയായ കൊടുംകുറ്റ വാളിയാണ് വികാസ് ദുബെ. സംഭവത്തിൽ മരിച്ച പോലീസുകാരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
Post Your Comments