COVID 19KeralaNews

കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ഇടുക്കിയിൽ നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും

നെടുങ്കണ്ടം: ഇടുക്കിയിൽ രാജാപ്പാറയിലുള്ള സ്വകാര്യ റിസോർട്ടിൽ കൊവിഡ് സാഹചര്യത്തിലെ പ്രത്യേക നിയന്ത്രണങ്ങളെ കാറ്റിൽപ്പറത്തി വ്യവസായി സംഘടിപ്പിച്ച നിശാപാർട്ടിയിൽ പങ്കെടുത്തത് ഉന്നതർ.  റിസോർട്ടിൽ നിശാപാർട്ടിയും ബെല്ലി ഡാൻസും മദ്യസത്കാരവും സംഘടിപ്പിച്ചെന്ന പരാതിയിൽ പോലീസ് കേസ് രജിസ്റ്റർചെയ്തു. തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയർമാൻ റോയി കുര്യനെതിരേയാണ് വ്യാഴാഴ്ച ശാന്തൻപാറ പോലീസ് കേസെടുത്തത്.

ഉടുമ്പൻചോലയ്ക്ക് സമീപം ചതുരംഗപ്പാറയിൽ തണ്ണിക്കോട്ട് ഗ്രൂപ്പ് ആരംഭിച്ച വ്യവസായസ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ജൂൺ 28-ന് ഡി.ജെ. പാർട്ടിയും ബെല്ലി ഡാൻസ് ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിച്ചത്. രാത്രി എട്ടിന് തുടങ്ങിയ പരിപാടി ആറു മണിക്കൂറോളം നീണ്ടു. മതമേലധ്യക്ഷന്മാരും സിനിമാതാരങ്ങളും ഇടുക്കിയിലെ ജനപ്രതിനിധികളടക്കം പൊതുപ്രവർത്തകരും ഉന്നതോദ്യോഗസ്ഥരും ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു.

സ്വകാര്യ ഇവന്റ് മാനേജ്മെന്റ് കമ്പനിയാണ് റിസോർട്ടിൽ പാർട്ടിക്കായുള്ള സംവിധാനങ്ങൾ ഒരുക്കിയത്. ആഘോഷത്തിൽ മുന്നൂറോളം പേർ പങ്കെടുത്തെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമികവിവരം. ഒരേസമയം 60 മുതൽ നൂറു പേർവരെ ഇതിൽ ഒത്തുചേർന്നു. മദ്യപിക്കുന്നതിനുള്ള സൗകര്യം ഏർപ്പാടാക്കിയിരുന്നു.

ബെല്ലി ഡാൻസിനായി നർത്തകിയെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിച്ചെന്നാണ് വിവരം.നിശാപാർട്ടിയിൽ പങ്കെടുത്തവർ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിവരം പുറത്തായത്. അതേസമയം പാർട്ടി നടന്ന ദിവസം റിസോർട്ടിൽ പരിശോധന നടത്താൻ പോലീസെത്തിയതായും വിവരമുണ്ട്. എന്നാൽ ഉന്നത ഇടപെടലിനെത്തുടർന്ന് ഇവർ മടങ്ങുകയായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് ശാന്തൻപാറ പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button