ന്യൂഡൽഹി: ഇന്ത്യ ചൈന സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത ലഡാക്ക് സന്ദര്‍ശനത്തെ കുറിച്ച് ഫേസ്ബുക്ക് കുറിപ്പുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്കൊപ്പം നില്‍ക്കുന്ന അദ്ദേഹത്തിന്റെ ചിത്രം രാജ്യ സ്നേഹികളായ ഓരോ ഇന്ത്യക്കാരന്റെയും മനസു നിറച്ചുവെന്ന് മുരളീധരന്‍ തന്റെ കുറിപ്പിലൂടെ അഭിപ്രായപ്പെടുന്നു.
പുല്ലാങ്കുഴല്‍ വായിക്കുന്ന ശ്രീകൃഷ്ണനെ ആരാധിക്കുന്ന ആളുകളാണു നമ്മള്‍. എന്നാല്‍ ‘സുദര്‍ശന ചക്ര’ത്തെ വഹിക്കുന്ന അതേ ശ്രീകൃഷ്ണനെയും നമ്മള്‍ ആരാധിക്കുകയും പിന്തുടരുകയും ചെയ്യുന്നുവെന്ന മോദിജിയുടെ വാക്കുകളിലുണ്ട് ഇന്ത്യയുടെ നയവും നിലപാടും. അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ചുവടെ:
‘നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിജി ഇന്നു രാവിലെയാണ് ലഡാക്കിലെത്തിയത്. രാജ്യത്തിനായി 20 വീരയോദ്ധാക്കള്‍ രക്തസാക്ഷിത്വം വഹിച്ച മണ്ണില്‍, ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്കൊപ്പം നില്‍ക്കുന്ന അദ്ദേഹത്തിന്റെ ചിത്രം രാജ്യ സ്നേഹികളായ ഓരോ ഇന്ത്യക്കാരന്റെയും മനസു നിറച്ചു. അതിരു കാക്കുന്ന ജവാന്‍മാര്‍ക്കൊപ്പമാണ് രാജ്യവും ഇവിടുത്തെ ഭരണകൂടവും.
ലഡാക്ക്, ഇന്ത്യയിലെ 130 കോടി ജനങ്ങളുടെ, സ്വാഭിമാനത്തിന്റെ പ്രതീകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞതും അതുകൊണ്ടാണ്. എന്നാല്‍, ചവിട്ടി നില്‍ക്കുന്ന മണ്ണ് നഷ്ടപ്പെടുത്തിയിട്ട് ആരുമായും വിട്ടുവീഴ്ചക്കില്ല.ചൈനയടക്കമുളള അതിര്‍ത്തി രാജ്യങ്ങളുമായി സുഹൃദ് ബന്ധം നിലനിര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ എക്കാലവും ശ്രമിച്ചിട്ടുളളത്.
അതിര്‍ത്തികടന്ന് ഇന്ത്യന്‍ വ്യോമസേന പാക് മണ്ണില്‍ കൊടുത്ത മറുപടി ആരും മറന്നിട്ടുണ്ടാകില്ല. ലഡാക്കില്‍ പ്രധാനമന്ത്രി നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനമെന്നാണ് മാധ്യമങ്ങളുടെ വിലയിരുത്തല്‍. എന്നാല്‍,നിങ്ങളുടെ കണക്കുകൂട്ടലുകള്‍ക്കനുസരിച്ചല്ല കേന്ദ്ര സര്‍ക്കാര്‍ ഇക്കാലമത്രയും പ്രവര്‍ത്തിച്ചതെന്ന് തിരിച്ചറിയാനുളള വിവേകം ഇനിയെങ്കിലും മാധ്യമങ്ങള്‍ക്കുണ്ടാകണം.
സൈനികരുടെ സാഹസം ലഡാക്കിലെ മലനിരകളേക്കാള്‍ ഉയര്‍ന്നതെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ലഡാക്കില്‍ ജീവന്‍ ബലി നല്‍കിയ വീരപുത്രന്‍മാരുടെ കുടുംബങ്ങളെ രാജ്യം ഒരിക്കലും മറക്കില്ല.ഇന്ത്യയുടെ എല്ലാ ഭാഗത്ത് നിന്നുമുള്ള വീര സൈനികരെ രാജ്യം നമിക്കുന്നു. സമാധാനം കൊണ്ടുവരാന്‍ ധീരതയാണ് ആവശ്യം.
ഏതു വെല്ലുവിളിയും നേരിട്ട് വിജയിക്കാന്‍ നമുക്കാകും. ഭാരത മാതാവിന്റെ സുരക്ഷയ്ക്ക് പൊരുതുന്ന സൈനികര്‍ക്കൊപ്പം രാജ്യം ഉണ്ടാകുമെന്ന ഉറപ്പും മോദി ജി നല്‍കി. സാമ്രാജ്യത്വ വാദികളുടെ കാലം കഴിഞ്ഞു, വികസനവാദികളുടെ കാലമാണിതെന്ന് പ്രതിപക്ഷവും ഓര്‍ക്കണം. ഇന്ത്യ സൈനിക ശക്തികൂട്ടുന്നത് ലോകനന്മയ്ക്കും സമാധാനത്തിനും വേണ്ടിയാണ്.
പുല്ലാങ്കുഴല്‍ വായിക്കുന്ന ശ്രീകൃഷ്ണനെ ആരാധിക്കുന്ന ആളുകളാണു നമ്മള്‍. എന്നാല്‍ ‘സുദര്‍ശന ചക്ര’ത്തെ വഹിക്കുന്ന അതേ ശ്രീകൃഷ്ണനെയും നമ്മള്‍ ആരാധിക്കുകയും പിന്തുടരുകയും ചെയ്യുന്നുവെന്ന മോദി ജിയുടെ വാക്കുകളിലുണ്ട് ഇന്ത്യയുടെ നയവും നിലപാടും !!!’
Post Your Comments