ബെംഗളൂരു: കര്‍ണാടകയിലെ എസ്എസ്എല്‍സി പരീക്ഷ എഴുതിയ 7,61,506 കുട്ടികളില്‍ 33 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 14 വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടികള്‍ പരീക്ഷയെഴുതുന്നത് സംബന്ധിച്ച് പ്രതിപക്ഷ നേതാക്കളും മാതാപിതാക്കളും ആശങ്ക ഉന്നയിച്ചിരുന്നു. കോവിഡിനിടയില്‍ സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ജീവന്‍ അപകടത്തിലാക്കുന്നുവെന്ന് പ്രതിപക്ഷ നേതാക്കളില്‍ ഭൂരിഭാഗവും പറഞ്ഞിരുന്നെങ്കിലും ജൂണ്‍ 25 നും ജൂലൈ 3 നും ഇടയില്‍ പത്താം ക്ലാസ് പരീക്ഷ സര്‍ക്കാര്‍ നടത്തുകയായിരുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ 80 വിദ്യാര്‍ത്ഥികള്‍ നിരീക്ഷണത്തില്‍ പോയി. അതേസമയം കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന 3,911 കുട്ടികള്‍ പരീക്ഷയില്‍ പങ്കെടുത്തിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അസുഖം ബാധിച്ചതിനാല്‍ 863 കുട്ടികളും പരീക്ഷയെഴുതിയില്ല. സംസ്ഥാനത്ത് മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 9 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന എസ്എസ്എല്‍സി പരീക്ഷ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു.
പിന്നീട് വിജയകരമായി പരീക്ഷ നടത്തിയതിന് സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ചിരുന്നു. പരീക്ഷയ്ക്കിടെയുള്ള സാമൂഹിക അകലം, താപ പരിശോധന, ശുചിത്വം എന്നിവ വൈറസ് പടരുന്നത് നിയന്ത്രിക്കുമായിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാരിന് വിശ്വാസമുണ്ടായിരുന്നു. വെള്ളിയാഴ്ച കര്‍ണാടക വിദ്യാഭ്യാസ മന്ത്രി സുരേഷ് കുമാര്‍ ട്വിറ്ററിലൂടെ എസ്എസ്എല്‍സി പരീക്ഷ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചിരുന്നു.
Post Your Comments