ന്യൂഡല്‍ഹി: കോവിഡിനെതിരേ പോരാടുന്നവര്‍ക്കായി വിമാന ടിക്കറ്റ് നിരക്കില്‍ ഇളവ് നല്കാന് ഒരുങ്ങി ആഭ്യന്തര വിമാന കമ്പനിയായ ഇന്‍ഡിഗോ. ഡോടര്മാര്ക്കും നഴ്സുമാര്‍ക്കുമായി ഈ വര്‍ഷം അവസാനംവരെ ടിക്കറ്റ് നിരക്കില്‍ 25 ശതമാനം ഇളവ് നല്‍കുമെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു. യാത്രചെയ്യുമ്പോള്‍ ഡോക്ടര്‍മാരും നഴ്സുമാരും അവരുടെ ആശുപത്രിയുടെ ഐഡി കാര്‍ഡും തിരിച്ചറിയല്‍ രേഖയും കൈയില്‍ കരുതേണ്ടതാണ്.
ഇന്‍ഡിഗോയുടെ വെബ്സൈറ്റ്വഴി വിമാനടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഇളവ് ലഭിക്കുക. ഈ മാസം മുതല്‍ ഡിസംബര്‍ 31വരെയാണ് നിരക്കില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. അതേസമയം, രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ആഭ്യന്തരവിമാനങ്ങളുടെ സര്‍വീസ് ആരംഭിച്ചിരുന്നു. എന്നാല്‍ യാത്രക്കാര്‍ പൊതുവെ കുറവായത് വിമാനക്കമ്പനികള്‍ക്ക് കനത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മാര്‍ച്ച് അവസാനമായിരുന്നു വിമാനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പിന്നീട് മെയ് 25 ന് ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ പുനഃരാരംഭിച്ചു. ഒപ്പം വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികളെ വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി പ്രത്യേക വിമാനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നാട്ടിലെത്തിക്കുകയും ചെയ്തിരുന്നു. കൊവിഡ് നിയന്ത്രണ വിധേയമണെങ്കില്‍ ജൂലൈയില്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ പുനഃരാരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കഴിഞ്ഞയാഴ്ച്ച കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പൂരി വ്യക്തമാക്കിയിരുന്നു. ഒപ്പം വിമാന സര്‍വ്വീസുകള്‍ക്ക് അനുമതി തേടികൊണ്ടുള്ള വിവിധ രാജ്യങ്ങളുടെ അഭ്യര്‍ത്ഥനകള്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Post Your Comments