ന്യൂഡല്‍ഹി : ചൈനീസ് ആപ് നിരോധനത്തിനു പിന്നാലെ ചൈനയില്‍നിന്നുള്ള ഇറക്കുമതിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ലക്ഷ്യമിട്ടു കേന്ദ്രസര്‍ക്കാര്‍. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ ചൈനയില്‍നിന്ന് വൈദ്യുതിവിതരണ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കില്ലെന്നു കേന്ദ്രമന്ത്രി ആര്.കെ. സിങ് പറഞ്ഞു. രാജ്യത്തെ വൈദ്യുതിവിതരണ ശൃംഖല തന്നെ തകരാറിലാക്കാന്‍ ഇവ ഉപയോഗിച്ചേക്കാമെന്നും മന്ത്രി മുന്നറിയിപ്പു നല്കി.
ചൈന ഉള്‍പ്പെടെ ഏതു വിദേശരാജ്യത്തുനിന്നു വൈദ്യുതിവിതരണ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യണമെങ്കിലും ഇന്ത്യന്‍ കമ്പനികള്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ഊര്‍ജമന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. ഏതെങ്കിലും തരം സുരക്ഷാഭീഷണിയുള്ള ഉപകരണങ്ങള്‍ ആണോയെന്നു പരിശോധിച്ച ശേഷമേ അനുമതി നല്‍കൂ. ഊര്‍ജമന്ത്രാലയത്തിന്റെ അംഗീകാരമുളള ലാബുകളിലാവും പരിശോധന നടത്തുകയെന്നും മന്ത്രി പറഞ്ഞു.
2018-19 ല്‍ ഊര്‍ജമേഖലയില്‍ ആകെ 71,000 കോടി രൂപയുടെ ഇറക്കുമതിയാണ് നടത്തിയത്. ഇതില്‍ 21,000 കോടിയുടെ ഇറക്കുമതിയും ചൈനയില്‍നിന്നാണ്. ഈ സാഹചര്യം തുടരാനാവില്ലെന്നു മന്ത്രി പറഞ്ഞു. നമ്മുടെ മണ്ണിലേക്ക് അതിക്രമിച്ചു കയറാനും ജവാന്മാരെ കൊല്ലാനും ശ്രമിച്ചുകൊണ്ടിരിക്കുന്ന രാജ്യത്ത് നമ്മള് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന അവസ്ഥയാണുള്ളതെന്നും സംസ്ഥാന വൈദ്യുതിമന്ത്രിമാരെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു
ചൈന, പാക്കിസ്ഥാന് എന്നിവിടങ്ങളില്‍നിന്നുളള ഇറക്കുമതി വേണ്ടെന്നാണു തീരുമാനം. അത്തരം ഉപകരണങ്ങളില്‍ കംപ്യൂട്ടറുകളെ തകര്‍ക്കുന്ന പ്രോഗ്രാമുകള്‍ ഉണ്ടാകാം. നമ്മുടെ വൈദ്യുതിശൃംഖല തകര്‍ക്കാന്‍ പാകത്തില്‍ ദൂരെനിന്നു നിയന്ത്രിക്കാന്‍ കഴിയുന്നവയാകാം അത്. ആ സാഹചര്യത്തില്‍ ചൈനയില്‍നിന്നും പാക്കിസ്ഥാനില്‍നിന്നും ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ സംസ്ഥാനങ്ങളെ അനുവദിക്കില്ല.
Post Your Comments