കൊവിഡ് ബാധ തുടർന്നാൽ സിനിമ പ്രാദേശികമാവുമെന്ന് നടൻ കൊച്ചുപ്രേമൻ. യാത്രാസൗകര്യങ്ങൾ പരിഗണിച്ച് ഒരു സ്ഥലത്തുള്ള കലാകാരന്മാർ ഒരുമിച്ചു ചേർന്ന് സിനിമയെടുക്കും. തിരുവനന്തപുരത്തും കണ്ണൂരും കോഴിക്കോടുമൊക്കെ അങ്ങനെ പ്രാദേശിക സിനിമാ സംഘങ്ങൾ ഉണ്ടാവുമെന്നും കൊച്ചു പ്രേമൻ പറഞ്ഞു. “ഈ അവസ്ഥ തുടരുമെങ്കിൽ സിനിമകൾ പ്രാദേശികമാവും. തിരുവനന്തപുരത്തുള്ളവർ യാത്രാസൗകര്യവും താമസസൗകര്യവുമൊക്കെ പരിഗണിച്ച് തിരുവനന്തപുരത്തുള്ള കലാകാരന്മാരെ വെച്ച് സിനിമ ചെയ്യാൻ സാധ്യതയുണ്ട്. എറണാകുളംകാർ അങ്ങനെയും കോഴിക്കോട്, കണ്ണൂർ ജില്ലകളിലൊക്കെ അങ്ങനെയും സിനിമകൾ ഉണ്ടാവും. അതിനുള്ള സാധ്യത ഉണ്ട്.”- കൊച്ചു പ്രേമൻ പറയുന്നു.
ആർക്കും വേണ്ടാതെ വലിച്ചെറിയുന്ന വസ്തുക്കളിൽ നിന്ന് അലങ്കാര രൂപങ്ങൾ ഉണ്ടാക്കുന്ന ഒരു കല കൂടി കൊച്ചുപ്രേമന് വശമുണ്ട്. ലോക്ക്ഡൗണിൽ ഇഷ്ടം പോലെ സമയമുള്ളതു കൊണ്ട് അതും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ഗുളികയുടെ കവർ, ഇൻസുലിൻ കുപ്പി, സിറിച്ച്, അടപ്പ് എന്നിവയൊക്കെ ഇതിനായി ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.
തമിഴ്നാട്ടിൽ ആയിരിക്കെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത് . “നാലഞ്ച് സിനിമകൾ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒന്നുരണ്ട് പടത്തിൻ്റെ ഷൂട്ട് തീരാനുണ്ട്. വസന്തമുല്ലൈ എന്നൊരു തമിഴ് സിനിമയിൽ ഇടക്ക് അഭിനയിച്ചിരുന്നു. അതിൽ ഭാഗം ഷൂട്ട് തീരുന്നതിൻ്റെ അന്നാണ് ലോക്ക്ഡൗൺ പ്രഖ്യാപനം വരുന്നത്. ഞാൻ മദ്രാസിലായിരുന്നു. പിറ്റേ ദിവസം വൈകുന്നേരം വരാനിരുന്ന എനിക്ക് ഷൂട്ട് കഴിഞ്ഞ് അന്ന് പുലർച്ചെയുള്ള വിമാനത്തിൽ അവർ ടിക്കറ്റെടുത്ത് തന്നു. അതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു.”- അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments