തൃക്കുന്നപ്പുഴ : ആന്‍ജിയോഗ്രാം നടത്തുന്നതിനിടെ യന്ത്രഭാഗം ഒടിഞ്ഞ് ഹൃദയ വാല്‍വില്‍ തറഞ്ഞു കയറിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കഴിഞ്ഞ മാസം 4ന് തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ആന്‍ജിയോഗ്രാം ചെയ്ത ചിങ്ങോലി ആരാധനയില്‍ അജിത് റാമിന്റെ ഭാര്യ ബിന്ദു ആണ് (55) ചൊവ്വ രാത്രി മരിച്ചത്. ബിന്ദുവിന്റെ മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണ്.
ചികിത്സയ്ക്കിടെ ഉപകരണം ഒടിഞ്ഞതായി ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ബിന്ദുവിനെ മറ്റൊരു ആശുപത്രിയില്‍ എത്തിച്ച് ഉപകരണത്തിന്റെ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കുകയായിരുന്നു. ഉപകരണം ഒടിഞ്ഞു വീഴുന്നത് അപൂര്‍വമായി സംഭവിക്കുന്നതാണെന്നും വിശദീകരിച്ചു. ആശുപത്രിയില്‍നിന്നെത്തി വീട്ടില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ നഷ്ടമായി.
ഭാര്യയുടെ രോഗവിവരം അറിഞ്ഞ് മസ്‌കത്തില്‍ നിന്ന് എത്തിയ അജിത് റാം ചിങ്ങോലി പഞ്ചായത്തിന്റെ ക്വാറന്റൈന്‍ കേന്ദ്രത്തിലാണ്. കാലാവധി കഴിയാന്‍ 3 ദിവസം കൂടിയുണ്ട്. സംഭവത്തെപ്പറ്റി ജില്ലാ പൊലീസ് മേധാവിക്ക് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. അതേസമയം ശസ്ത്രക്രിയയ്ക്കു ചെലവായ 2,60,000 രൂപ തിരിച്ചു നല്‍കാമെന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു.
മക്കള്‍: ആദര്‍ശ് റാം, ദര്‍ശന റാം, മരുമക്കള്‍: ശ്രീദേവി (അസി.എന്‍ജിനീയര്‍, ചിങ്ങോലി പഞ്ചായത്ത്), അരവിന്ദ് (ന്യൂസിലന്‍ഡ്).
Post Your Comments