തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് രോഗികളുടെയും സമ്പര്‍ക്ക രോഗികളുടെയും എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ രോഗം കണ്ടെത്തി വ്യാപനം തടയാന്‍ ആന്റിജന്‍ പരിശോധന തുടങ്ങുന്നു. ഇതിനായിട്ടുള്ള മാർഗനിർദേശം പുറത്തിറങ്ങി. ആളുകളെ മൂന്ന് വിഭാഗങ്ങളായി തരം തിരിച്ചാണ് പരിശോധന നടത്തുക. മൂന്ന് വിഭാഗങ്ങളിൽ നിന്നും നിശ്ചിതക്രമത്തിലല്ലാതെ ആളുകളെ പരിശോധനയ്ക്കായി തെരഞ്ഞെടുക്കും.
വിമാനങ്ങളിൽ എത്തുന്നവരെയാണ് ആന്റിജൻ പരിശോധനയ്ക്കുള്ള ഒന്നാമത്തെ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സെന്റിനൽ സർവ്വേയുടെ ഭാഗമായിട്ടാണ് രണ്ടാമത്തെ വിഭാഗം. ശ്വാസകോശരോദഗികൾ, ആരോഗ്യപ്രവർത്തകർ, അതിഥി തൊഴിലാളികൾ തുടങ്ങിയവരാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുക. കണ്ടെയിൻമെന്റ് സോണിൽ പെട്ട ആരോഗ്യപ്രവർത്തകർ, രോഗികൾ, അതിഥി തൊഴിലാളികൾ തുടങ്ങിയവരാണ് മൂന്നാമത്തെ വിഭാഗം.
രോഗലക്ഷണങ്ങൾ ഉള്ളവർ ആന്റിജൻ പരിശോധനയിൽ കൊവിഡ് പോസറ്റീവ് ആയാൽ സ്ഥിരീകരണ പരിശോധന വേണ്ട. രോഗലക്ഷണം ഇല്ലാത്തവർ പോസിറ്റീവ് ആയാൽ പിസിആർ ടെസ്റ്റ് നടത്തണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.
Post Your Comments