തിരുവനന്തപുരം • ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുടെ ഇടക്കാല റിപ്പോർട്ടിന്റെ നിർദേശങ്ങൾ പരിഗണിച്ച് കോവിഡ് കാലത്തേക്ക് ബസ് നിരക്കിൽ വർധനവ് വരുത്താൻ തീരുമാനിച്ചു. മിനിമം ചാർജ് കൂട്ടിയിട്ടില്ല. എട്ടൂരൂപ മിനിമം ചാർജായി തുടരുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
എന്നാൽ മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം അഞ്ചു കിലോമീറ്റർ എന്നത് രണ്ടര കിലോമീറ്ററായി കുറച്ചിട്ടുണ്ട്.
കിലോമീറ്റർ ചാർജ് നിലവിലുള്ള 70 പൈസ എന്നത് കമ്മീഷൻ ശുപാർശ ചെയ്ത നിരക്കായ 90 പൈസ എന്നത് അംഗീകരിച്ചു. കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി ബസിനും ഇതേ നിരക്കാണ്.
കെ.എസ്.ആർ.ടി.സിയുടെ സിറ്റി ഫാസ്റ്റ്, ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് തുടങ്ങിയ സൂപ്പർ ക്ലാസ് ബസുകൾക്ക് നിലവിലെ നിരക്കിൽനിന്നും മിനിമം ചാർജും കിലോമീറ്റർ ചാർജും 25 ശതമാനം വീതം വർധനവ് വരുത്തും.
കോവിഡ് കാലത്ത് വിദ്യാർഥികൾക്ക് അധികം യാത്ര ഇല്ലാത്തതിനാൽ ഇപ്പോൾ വിദ്യാർഥികളുടെ കൺസഷൻ നിരക്ക് മാറ്റുന്നില്ല. നിലവിലുള്ള ചാർജ് തന്നെ തുടരുമെന്നും മന്ത്രി അറിയിച്ചു.
ഓർഡിനറി സർവീസിനുള്ള പുതിയ നിരക്കുകൾ കിലോമീറ്റർ, നിലവിലെ നിരക്ക്, ബ്രാക്കറ്റിൽ പുതുക്കിയ നിരക്ക് എന്ന ക്രമത്തിൽ ചുവടെ:
2.5 കിലോമീറ്റർ- 8 (8), 5 കിലോമീറ്റർ- 8 (10), 7.5 കിലോമീറ്റർ- 10 (13), 10 കിലോമീറ്റർ- 12 (15), 12.5 കിലോമീറ്റർ- 13 (17), 15 കിലോമീറ്റർ- 15 (19), 17.5 കിലോമീറ്റർ- 17 (22), 20 കിലോമീറ്റർ- 19 (24), 22.5 കിലോമീറ്റർ- 20 (26), 25 കിലോമീറ്റർ- 22 (28), 27.5 കിലോമീറ്റർ- 24 (31), 30 കിലോമീറ്റർ- 26 (33), 32.5 കിലോമീറ്റർ- 27 (35), 35 കിലോമീറ്റർ- 29 (37), 37.5 കിലോമീറ്റർ- 31 (40), 40 കിലോമീറ്റർ- 33 (42).
നോട്ടിഫിക്കേഷൻ പുറപ്പെടുന്ന മുറയ്ക്ക് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും.
Post Your Comments