ആണ്ടിലൊരിക്കല്‍ മാത്രം അനുഷ്ഠിക്കുന്ന ഒരു വ്രതമാണിത്. പ്രത്യേകിച്ച് സ്ത്രീകള്‍ അനുഷ്ഠിക്കുന്ന വ്രതമാണ് തിരുവാതിരവ്രതം. ദീര്‍ഘമംഗല്യത്തിനും ഭര്‍ത്താവിന്‍റെ ശ്രേയസ്സിനും വേണ്ടിയാണ് ഇതനുഷ്ഠിക്കുന്നത്. ധനുമാസത്തിലെ തിരുവാതിരനക്ഷത്രമാണ് വ്രതദിനം. അന്ന് പരമശിവന്റെ ജന്മദിനമാണ്. ധനുവിലെ തിരുവാതിരക്കു മുന്‍പുള്ള രേവതി മുതല്‍ തിരുവാതിര വരെയുള്ള ഏഴു ദിവസം കുളിച്ച് ശുദ്ധമായാണ് ഇത് ആചരിക്കുന്നന്നത്. ഉച്ചയ്ക്കുമാത്രം അരിയാഹാരവും രാത്രി പഴങ്ങളും മറ്റുമായി ആറു ദിവസം കഴിക്കുന്നു. തിരുവാതിരനാളില്‍ അരിഭക്ഷണം പൂര്‍ണമായി ഉപേക്ഷിക്കുന്നു. പഴങ്ങളാണ് അന്നത്തെ പ്രധാന ഭക്ഷണം. ചില പ്രദേശങ്ങളില്‍ കൂവപ്പൊടി കുറുക്കിയതോ, കൂവപ്പൊടി കൊണ്ട് അടയുണ്ടാക്കിയതോ കഴിക്കുന്നു.
മദ്ധ്യകേരളത്തില്‍ തിരുവാതിരപ്പുഴുക്ക് എന്നൊരു വിഭവം പതിവുണ്ട്. വെള്ളപ്പയര്‍ അഥവാ വന്‍പയര്‍, നേന്ത്രക്കായ, കൂര്‍ക്ക, കാച്ചില്‍, ചേന, ചേമ്പ് എന്നിവ കൂട്ടി വേവിച്ച് തേങ്ങയും മുളകുമരച്ചുചേര്‍ത്ത് ആവികയറ്റി ഇളക്കിവാങ്ങി പച്ചവെളിച്ചെണ്ണ അല്പമൊഴിച്ചുണ്ടാക്കുന്നതാണ് തിരുവാതിരപ്പുഴുക്ക്.
തിരുവാതിരനാളില്‍ പുലരും നേരത്തെ കുളിച്ച് വ്രതമെടുക്കുന്നു. ഊഞ്ഞാലാട്ടം, തിരുവാതിര കളി മുതലായ വിനോദങ്ങളിലേര്‍പ്പെട്ട് രാത്രി ഉറക്കമൊഴിക്കുകയും അര്‍ദ്ധരാത്രിക്കുശേഷം കളി അവസാനിപ്പിച്ച് കുളത്തിലോ പുഴയിലോ കുളിച്ച് പാതിരാ പൂവ് ചൂടി ശിവക്ഷേത്ര ദര്‍ശനം നടത്തി വ്രതം അവസാനിപ്പിക്കുന്നു.
Post Your Comments