ദമ്മാം : സൗദിയിൽ ബൂഫിയയിൽനിന്ന് ചായവാങ്ങാൻ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ മലയാളിക്ക് എട്ടുമണിക്കുർ തടവും 2500 റിയാൽ പിഴയും. ജോലിയുടെ ഭാഗമായി ദമ്മാമിൽനിന്ന് റിയാദിൽ എത്തിയ എറണാകുളം സ്വദേശിക്കാണ് എട്ടുമണിക്കുർ തടവും 2500 റിയാൽ പിഴയും ചുത്തിയത്.
കഴിഞ്ഞ ദിവസം പുലർച്ചയാണ് ഇദ്ദേഹം ദമ്മാമിൽനിന്ന് റിയാദിലേക്ക് കാറോടിച്ച് പോയത്. ഉറക്ക ക്ഷീണമുണ്ടായിരുന്നതിനാൽ റിയാദിലെ ഉലയായിൽ ഒരിടത്ത് വണ്ടി നിർത്തി ബൂഫിയയിൽ നിന്ന് ചായയും സാൻറ്വിച്ചും വാങ്ങാൻ ശ്രമിക്കുകയായിരുന്നു. അതുവരെ ധരിച്ചിരുന്ന മാസ്ക് കാറിൽ ഊരി വെച്ചു. രേഖകളടങ്ങുന്ന പഴ്സും വണ്ടിയിൽ സൂക്ഷിച്ചാണ് ഇദ്ദേഹം ബൂഫിയയിൽ എത്തിയത്. അൽപസമയത്തിനുള്ളിൽ പൊലീസിന്റെ സ്പെഷൽ സ്ക്വാഡ് എത്തുകയും മാസ്ക് ധരിക്കാത്തതിന്റെ പേരിൽ ഇയാളെ പിടികൂടുകയുമായിരുന്നു.
എന്നാൽ മാസ്കും ഇഖാമയും വാഹനത്തിലാണെന്ന് പറഞ്ഞെങ്കിലും രക്ഷപ്പെട്ടില്ല. മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയത് കുറ്റകരമാണെന്നായിരുന്നു പൊലീസിന്റെ മറുപടി. തുടർന്ന് ഇയാളെ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും മെഡിക്കൽ നടത്തുകയും എട്ട് മണിക്കൂറിലധികം കസ്റ്റഡിയിൽ സൂക്ഷിക്കുകയുമായിരുന്നു. ഇതിനിടയിലെല്ലാം നിലവിലെ സാഹചര്യത്തിൽ മാസ്കും ഗ്ലൗസും ധരിക്കേണ്ടതിന്റെ പ്രാധാന്യം ഓരോ പൊലീസുകാരനും വിശദീകരിച്ചു.
ഒപ്പം മാസ്ക് ധരിക്കാത്തതിന് 1000 റിയാലും കാർ പൊലീസ് സ്റ്റേഷനിൽ എത്തിച്ച ചെലവായി 1500 റിയാലും ചേർത്ത് 2500 റിയാൽ പിഴ ചുമത്തുകയായിരുന്നു. എട്ടുമണിക്കൂർ കൊണ്ട് ജീവിതത്തിൽ വലിയ പാഠമാണ് പഠിച്ചതെന്ന് സംഭവത്തിൽ ഇദ്ദേഹം പറഞ്ഞു. തുടർന്ന് പൊലീസ് തന്നെ സ്പോൺസറെ ബന്ധപ്പെട്ട് കാര്യങ്ങൾ വിശദീകരിച്ചശേഷം താക്കീത് നൽകി വിട്ടയക്കുകയായിരുന്നു.
രാജ്യത്ത് കോവിഡ് നിയന്ത്രിക്കാൻ പൊലീസും ആരോഗ്യ പ്രവർത്തകരും പാട് പെടുമ്പോൾ
ജനങ്ങൾ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്തത് ഗുരുതരമായ കുറ്റമായിത്തന്നെയാണ് കണക്കാക്കുന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിലവിൽ കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ എല്ലാ ഇളവുകൾക്കൊപ്പവും സുരക്ഷ സംവിധാനങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാനുള്ള വ്യാപക പരിശോധനകളും നടക്കുന്നുണ്ട്.
Post Your Comments