ന്യൂഡല്‍ഹി: 80 കോടി ജനങ്ങള്‍ക്ക് നവംബര്‍ അവസാനം വരെ അവശ്യ ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവപ്പെട്ട 80 കോടി പേര്‍ക്കാണ് പദ്ധതി പ്രകാരം ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുക. ഒരു കുടുംബത്തിന് പ്രതിമാസം അഞ്ച് കിലോ അരിയും അഞ്ച് കിലോ ഗോതമ്പും ഒരു കിലോ കടലയും സൗജന്യമായി ലഭിക്കും. അടുത്ത മാസങ്ങളില്‍ വരുന്ന ദീപാവലി, ഛാത്ത് പൂജ തുടങ്ങിയ ആഘോഷങ്ങള്‍ കൂടി കണക്കിലെടുത്താണ് നടപടിയെന്നും മോദി പറഞ്ഞു.
അണ്‍ലോക്ക് രണ്ടാം ഘട്ടത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴാണ് ഇത് വ്യക്തമാക്കിയത്. കൊവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യം നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക്ക്ഡൗണില്‍ നിന്ന് അണ്‍ലോക്കിലേക്ക് കടന്നിരിക്കുന്ന ഈ ഘട്ടത്തില്‍ കൊവിഡിനെ നേരിടുന്നതില്‍ ജനങ്ങളുടെ ഭാഗത്ത് നിന്ന് അശ്രദ്ധ കൂടുന്നതായും പ്രധാനമന്ത്രി പറഞ്ഞു. അതിതീവ്ര ബാധിത മേഖലകളില്‍ കടുത്ത ജാഗ്രത തുടരമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒരു കുടുംബത്തിന് പ്രതിമാസം അഞ്ച് കിലോ അരിയും അഞ്ച് കിലോ ഗോതമ്പും ഒരു കിലോ കടലയും സൗജന്യമായി ലഭിക്കും. 90000 കോടി രൂപയാണ് ഇതിനായി കേന്ദ്രസര്‍ക്കാര്‍ മാറ്റിവച്ചിരിക്കുന്നത്. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.അണ്‍ലോക്ക് കാലത്ത് ആളുകള്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുന്നില്ലെന്നും ഇത് ഗുരുതരമായ പ്രത്യാഘാതത്തിലേക്ക് നയിക്കുമെന്നും മോദി ചൂണ്ടിക്കാട്ടി. ഗ്രാമത്തലവനായാലും പ്രധാനമന്ത്രിയായാലും നിയമം എല്ലാവര്ക്കും ഒരു പോലെയാണെന്നും അദ്ദേഹം പറഞ്ഞു.
അണ്‍ലോക്ക് രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കൂടാതെ പനിയും ചുമയും പോലുള്ള അസുഖങ്ങളുടെയും സീസനാണ് വരുന്നത്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉചിതമായ സമയത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാള്‍ മെച്ചപ്പെട്ട നിലയിലാണ്. കൊവിഡ് മരണ നിരക്കിലും ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാള്‍ ബഹുദൂരം മുന്നിലാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments