പ്രശസ്ത സംഗീത സംവിധായകൻ സിദ്ധാർത്ഥ വിജയൻ അന്തരിച്ചു. ഇന്ന് രാവിലെ 6 ന് ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ആയിരത്തിലധികം ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്.
നിരവധി ഗാനങ്ങൾ ഈസ്റ്റ് കോസ്റ്റ് ഓഡിയോസിനുവേണ്ടി ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഈസ്റ്റ് കോസ്റ്റ് ഓഡിയോസിനു വേണ്ടി ചെയ്‌ത മാപ്പിള പ്രണയ ഗാന ആൽബം ശ്രദ്ധേയമായ സൃഷ്ടിയാണ്. വൈകിട്ട് 4 വരെ നെടുങ്ങാട് വീട്ടുവളപ്പിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും, ശവസംസ്കാരം വൈകിട്ട് 5 ന് വൈപ്പിൻ, മുരിക്കുംപാടം പൊതു ശ്മശാനത്തിൽ നടക്കും.
കലാഭവൻ മണിയുടെ 45-ൽപരം ആൽബങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. മൂന്ന് മലയാള സിനിമയ്‌ക്കും നിരവധി തമിഴ് മലയാളം റീമേക്കുകൾക്കും കാസറ്റുകൾക്കും വിജയൻ ഈണം നൽകി. മൂവായിരത്തോളം ഗാനങ്ങൾക്ക് സംഗീതം പകർന്നു. 1983ലെ ഓണക്കാലത്ത് സുജാതയും മാർക്കോസും ചേർന്ന് ആലപിച്ച അത്തപ്പൂക്കളം എന്ന ആൽബമാണ് ആദ്യ ആൽബം. തുടർന്ന് മാഗ്നാ സൗണ്ട്, ഗീതം കാസറ്റ്, ഈസ്റ്റ് കോസ്റ്റ്, സിബിഎസ് എന്നിവയ്ക്കായി ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ ചിട്ടപ്പെടുത്തി.
സ്വാമി തിന്തകത്തോം എന്ന അയ്യപ്പഭക്തിഗാന ആൽബത്തിനുവേണ്ടി 1999ലാണ് മണിയുമായി ആദ്യമായി ഒരുമിക്കുന്നത്. പിന്നീട് മുടങ്ങാതെ 11 അയ്യപ്പഭക്തിഗാന കാസറ്റുകൾ ഇറക്കി. ‘മകരപ്പുലരി’യാണ് അവസാന കാസറ്റ്. കൂടാതെ നാടൻപാട്ടുകളുടെ 10 കാസറ്റുകൾ, ചാലക്കുടിക്കാരൻ ചങ്ങാതി, അമ്മ ഉമ്മ മമ്മി, മണിച്ചേട്ടാ നിമ്മി വിളിക്കുന്നു എന്നീ കോമഡി ആൽബങ്ങളും ഉൾപ്പെടെ 45 കാസറ്റുകൾ മണിക്കായി ഇറക്കി.
വൈപ്പിന്‍ നെടുങ്ങാട് മണിയന്തുരുത്തില് ചാത്തന്റെയും കുഞ്ഞുപെണ്ണിന്റെയും മകനാണ്. നാട്ടിലെ പൗർണമി ആർട്സ് ക്ലബ്ബിലെ ഹാർമോണിയം സ്വയം വായിച്ചു പഠിച്ച വിജയൻ ജില്ലാ കലോത്സവത്തിൽ ഉപകരണ സംഗീതത്തിൽ ജേതാവായി. ഇതോടെയാണ് പൂർണമായും സംഗീത രംഗത്തേക്ക് മാറിയത്. നെടുങ്ങാട് വിജയന് എന്നറിയപ്പെട്ടിരുന്ന വിജയന് നടന് തിക്കുറിശിയാണ് സിദ്ധാര്‍ഥ് വിജയനെന്ന പേരു നൽകിയത്. ഭാര്യ: ദേവി. മക്കള്‍: നിസരി, സരിഗ.
Post Your Comments