ബെയ്ജിങ്: കോവിഡ് മഹാമാരി മൂലം ഏകാധിപത്യ രാജ്യമായ ചൈനയുടെ സ്വപ്‌നങ്ങൾ തകർന്നത് കനത്ത തിരിച്ചടിയായി. ശതകോടികളുടെ ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവിനു (ബിആർഐ) കീഴിലുള്ള ഭൂരിഭാഗം പദ്ധതികളും കോവിഡ് മഹാമാരി തടസ്സപ്പെടുത്തിയതായി ചൈന പറഞ്ഞു. ഭാഗികമോ പ്രതികൂലമോ ആയി കോവിഡ് ഈ പദ്ധതികളെ ബാധിച്ചതായി ചൈനീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
40 ശതമാനം പദ്ധതികളെ മഹാമാരി പ്രതികൂലമായി ബാധിച്ചു, 30-40 ശതമാനം വരെ ഒരു പരിധിവരെയും ബാധിച്ചു– വാങ് സിയാലോങ് പറഞ്ഞു. ചൈനയുടെ ആഗോള സ്വാധീനം വർധിപ്പിക്കുന്നതിനായും ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ വ്യാപാരവും നിക്ഷേപവും ഉയർത്താനും ലക്ഷ്യമിട്ടുള്ള ബിആർഐയുടെ കീഴിലുള്ള പദ്ധതികളുടെ അഞ്ചിലൊന്നിനെ പകർച്ചവ്യാധി ഗുരുതരമായി ബാധിച്ചെന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ രാജ്യാന്തര സാമ്പത്തികകാര്യ വകുപ്പ് ഡയറക്ടർ ജനറൽ വാങ് സിയാലോങ് അഭിപ്രായപ്പെട്ടു.
2013ൽ ഷി അധികാരത്തിൽ വന്നപ്പോഴാണു ബിആർഐ ആരംഭിച്ചത്. തെക്കുകിഴക്കൻ ഏഷ്യ, മധ്യേഷ്യ, ഗൾഫ് മേഖല, ആഫ്രിക്ക, യൂറോപ്പ് എന്നിവയെ കര, കടൽ പാതകളുമായി ബന്ധിപ്പിക്കുകയാണു ലക്ഷ്യം. പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിനുള്ള ഗ്വാദർ തുറമുഖത്തെ ചൈനയുടെ സിൻജിയാങ് പ്രവിശ്യയുമായി ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടനാഴി (സിപിഇസി) ബിആർഐയുടെ പ്രധാന ഭാഗമാണ്.
ALSO READ: അണ്‍ലോക്ക് വൺ അവസാനിക്കുന്നു; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
പദ്ധതികൾ പുനഃരാരംഭിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച ബിആർഐയുടെ ആദ്യ വിഡിയോ കോൺഫറൻസ് ചൈന നടത്തിയിരുന്നു. 60 ബില്യൻ യുഎസ് ഡോളറിന്റെ സിപിഇസി ഉൾപ്പെടെയുള്ള പദ്ധതികളാണു സ്തംഭനത്തിലായത്. മലേഷ്യ, ബംഗ്ലദേശ്, ഇന്തൊനേഷ്യ, പാക്കിസ്ഥാൻ, കംബോഡിയ, ശ്രീലങ്ക എന്നിവയുൾപ്പെടെ ചില ഏഷ്യൻ രാജ്യങ്ങൾ അടുത്തകാലത്തു ചൈനീസ് ധനസഹായമുള്ള പദ്ധതികൾക്കു തടസ്സം നിൽക്കുന്നതായി ഹോങ്കോങ് ആസ്ഥാനമായുള്ള സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
Post Your Comments