ചെന്നൈ : തൂത്തുക്കുടിയിൽ വിവാദം സൃഷ്ടിച്ച ഇരട്ട കസ്റ്റഡി കൊലപാതകം നടന്ന സാത്താൻകുളം പൊലീസ് സ്റ്റേഷന്റെ നിയന്ത്രണം എറ്റെടുക്കാൻ റവന്യൂ വകുപ്പിന് മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശം. കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കപ്പെടാൻ സാദ്ധ്യതയുള്ളതിനാലാണ് സ്റ്റേഷൻ ഏറ്റെടുക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയത്. തെളിവുകൾ സംരക്ഷിക്കപ്പെടേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു. അതേസമയം കേസ് സിബിഐക്ക് കൈമാറുന്ന കാര്യത്തിൽ ഇടപെടുന്നില്ലെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഉത്തരവ് പുറപ്പെടുവിക്കാം. അതേസമയം പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ജുഡീഷ്യൽ അന്വേഷണ കമ്മിഷൻ കോടതിയോട് പറഞ്ഞു.
അതിനിടെ സാത്താൻകുളം പൊലീസ് സ്റ്റേഷനിൽ ഉരുട്ടിക്കൊല നടന്നുവെന്ന് ജുഡീഷ്യൽ കമ്മിഷൻ കണ്ടെത്തി. തൂത്തുക്കുടി സ്വദേശിയായ മഹേന്ദ്രനെയാണ് കൊലപ്പെടുത്തിയത്. ഇയാളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്താതെ വിട്ടുനല്‍കുകയും ചെയ്തു. അച്ഛനും മകനും മരിച്ച കേസിലെ അതേ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഈ കേസിലും ആരോപണവിധേയരെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
പൊലീസ് സ്റ്റേഷനിൽ രണ്ട് വർഷത്തിലേറെയായി സിസിടിവി പ്രവർത്തിക്കുന്നില്ലെന്ന് അന്വേഷണ സമിതി റിപ്പോർട്ട് ചെയ്തു. ലോക്കപ്പ് മർദ്ദനത്തിനായി സ്റ്റേഷനിൽ പ്രത്യേക സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമെ ഫ്രണ്ട്സ് ഓഫ് പൊലീസ് എന്ന പേരിൽ ഒരു വോളണ്ടിയർ സംഘവും ഇവിടെയുണ്ട്. ഇവർക്കും മർദ്ദനത്തിൽ പങ്കുണ്ടെന്ന് അന്വേഷണ സമിതി കണ്ടെത്തി. പ്രതികളുടെ കുടുംബാംഗങ്ങളെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ട് പറയുന്നു.
ലോക്ക് ഡൗണില്‍ അനുവദിച്ച സമയം കഴിഞ്ഞും കട തുറന്നതിന് കഴിഞ്ഞ പത്തൊന്‍പതിനാണ് സാത്താന്‍കുളം സ്വദേശി ബെക്സിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മകനെ തിരക്കി സ്റ്റേഷനിലെത്തിയ അച്ഛന് ജയരാജിനെയും പിടികൂടി. പൊലീസിനെ ആക്രമിച്ചുവെന്നാരോപിച്ചു ഇരുവരെയും കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
Post Your Comments