തിരുവനന്തപുരം: മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും രാഷ്ട്രീയ ചരടുവലികൾക്കുമൊടുവിൽ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫിൽ നിന്ന് പുറത്തേയ്ക്ക്. യുഡിഎഫ് ജില്ലാ പഞ്ചായത്ത് പദവി സംബന്ധിച്ച് ധാരണ പാലിക്കണമെന്ന് കോൺഗ്രസ് നേതാക്കളും യുഡിഎഫ് നേതൃത്വവും നിരന്തരം ആവശ്യപ്പെട്ടിട്ടും ആവര്‍ത്തിച്ച് അതെല്ലാം ലംഘിച്ച സാഹചര്യത്തിലാണ് കടുത്ത തീരുമാനത്തിലേക്ക് നേതൃത്വം നീങ്ങിയത്.
ഒടുവിൽ മലപ്പുറത്തിന്റെ സ്വന്തം കുഞ്ഞപ്പയായ പികെ കുഞ്ഞാലിക്കുട്ടിയും ജോസ് കെ മാണിയുടെ ഭാഗം ചേർന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. തന്നിഷ്ടപ്രകാരമുള്ള നടപടികൾ മുന്നണി സംവിധാനത്തെ ഉലയ്ക്കുന്ന സാഹചര്യത്തിൽ ഇനിയൊരു തീരുമാനം എടുക്കാതെ പറ്റില്ലെന്ന തീരുമാനത്തിലേക്ക് യുഡിഎഫ് നേതൃത്വം എത്തിച്ചേരുകയായിരുന്നു.
ധാരണ പ്രകാരം ജോസ് പക്ഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവി ജോസഫ് വിഭാഗത്തിന് കൈമാറണം എന്ന ഉറച്ച നിലപാടിലായിരുന്നു യുഡിഎഫ്. ഇക്കാര്യം പലവട്ടം ആവശ്യപ്പെടുകയും ചെയ്തു. സ്ഥാനം വെച്ചുമാറാൻ ധാരണ ഉണ്ടെന്ന് നേതാക്കൾ പല തവണ ആവർത്തിച്ചിട്ടും ജോസ് പക്ഷം മുന്നണിയെ വെല്ലുവിളിക്കുന്നെന്നാണ് യുഡിഎഫ് വിലയിരുത്തിയിരുന്നത്.
മുന്നണി വ്യവസ്ഥയെ തന്നെ ചോദ്യം ചെയ്യുന്ന ജോസിന്‍റെ പരസ്യ നിലപാട് കോൺഗ്രസ് നേതാക്കൾ മാത്രമല്ല മുന്നണി സംവിധാനത്തിനകത്തും ജോസ് പക്ഷത്തിനെതിരായ വികാരം ശക്തമാക്കിയിരുന്നു. വലിയ രാഷ്ട്രീയ തീരുമാനം ആണ്. മുന്നണിക്ക് ഉണ്ടാകുന്ന നഷ്ടങ്ങളേക്കാൾ അച്ചടക്കത്തോടെ മുന്നോട്ട് പോകേണ്ടതിന്‍റെ പ്രാധാന്യമാണ് കണക്കിലെടുത്തതെന്ന സൂചന കൃത്യമായി യുഡിഎഫ് കൺവീനര്‍ ബെന്നി ബെഹന്നാൻ വരെ പരസ്യ നിലപാട് ഇക്കാര്യത്തിൽ എടുത്തതും ശ്രദ്ധേയമാണ്.
ALSO READ: വടക്കൻ ജില്ലയിൽ തൂങ്ങി മരിച്ചയാൾക്ക് കോവിഡ്; പൊലീസുകാർ ക്വാറന്റൈനിൽ
അതേസമയം കേരളാ കോൺഗ്രസ് ശക്തി കേന്ദ്രമായ കോട്ടയത്ത് അടക്കം പ്രത്യേകിച്ച് തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ ജോസ് വിഭാഗത്തെ പുറത്താക്കി മുന്നോട്ട് പോകുന്നതെങ്ങനെ എന്ന കാര്യത്തിലും ആലോചനകൾ നടക്കുന്നുണ്ട്. മുന്നണിയിൽ നിന്ന് പുറത്താക്കിയെങ്കിലും ജോസ് പക്ഷവുമായി ചര്‍ച്ച തുടര്‍ന്നേക്കാമെന്ന സൂചനയും യുഡിഎഫ് വൃത്തങ്ങൾ നൽകുന്നുണ്ട്.
Post Your Comments