അഹമ്മദാബാദ് : ആശുപത്രിയിൽ എത്തിയ രോഗിയെ അഡ്മിറ്റ് ചെയ്യാൻ വൈകിയതിനെ തുടർന്ന് മരിച്ച സംഭവത്തിൽ ഹോസ്‌പിറ്റലിന് 77 ലക്ഷം രൂപ പിഴയിട്ട് മുൻസിപ്പൽ കോര്‍പ്പറേഷൻ. അഹമ്മദാബാദിലെ ഷഹിബോഗിലുള്ള രാജസ്ഥാൻ ഹോസ്പിറ്റലിനാണ് പിഴയിട്ടിരിക്കുന്നത്. ഇതിന് പുറമെ ഹോസ്പിറ്റൽ മാനേജ്മെന്‍റ് അംഗങ്ങൾക്കും ട്രസ്റ്റികൾക്കുമെതിരെ എഫ്ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതര്‍ക്ക് നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.
ജൂൺ 18നാണ് ആശുപത്രിക്കാരുടെ അനാസ്ഥ മൂലം രോഗി മരണപ്പെട്ടത്. വെന്‍റിലേറ്റർ സപ്പോർട്ട് ആവശ്യമുള്ള രോഗി പ്രവേശന നടപടികള്‍ക്കായി ആശുപത്രിയിൽ മണിക്കൂറുകളോളമാണ് കാത്തിരിക്കേണ്ടി വന്നത്. ഇത് അദ്ദേഹത്തെ മരണത്തിലേക്കാണ് നയിച്ചത്. സംഭവത്തിൽ പരാതി ഉയര്‍ന്നതിനെ തുടർന്ന് ഇടപെട്ട ഗുജറാത്ത് ഹൈക്കോടതി ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് രോഗിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ആശുപത്രി അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടുവെന്ന അഹമ്മദാബാദ് മുൻസിപ്പൽ കോര്‍പ്പറേഷന്‍റെ മറുപടിക്ക് ഇക്കാര്യത്തിൽ ഒരു വിശദീകരണത്തിന്‍റെ തന്നെ ആവശ്യമുണ്ടോയെന്നും കോടതി ചോദിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് കോർപ്പറേഷൻ അധികൃതർ നിയമനടപടികളിലേക്കും പിഴയിലേക്കും കടന്നത്. ഇവരുടെ പരാതി പ്രകാരം മരണത്തിനിടയാക്കിയ അനാസ്ഥ, ക്രിമിനൽ ഗൂഢാലോചന, അടക്കം പലവിധ കുറ്റങ്ങൾ ചുമത്തിയാണ് ആശുപത്രി അധികൃതർക്കെതിരെ കേസ്. പകര്‍ച്ചാവ്യാധി നിയന്ത്രണ നിയമപ്രകാരം ആണ് പിഴശിക്ഷ ചുമത്തിയത്.
Post Your Comments