കൊച്ചി : ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം , ചില നിര്‍ണായക വെളിപ്പെടുത്തലുകളുമായി നടന്‍ ധര്‍മ്മജന്‍ . സംഭവത്തിനു പിന്നില്‍ വന്‍ റാക്കറ്റ് .
പ്രതികള്‍ തന്നെയും വിളിച്ചെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. കൊച്ചി കമ്മിഷണര്‍ ഓഫിസില്‍ മൊഴിനല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷംനയുടെയും മിയയുടെയും നമ്പറുകളാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കരയാണ് തന്റെ നമ്പര്‍ പ്രതികള്‍ക്ക് കൊടുത്തതെന്നും ധര്‍മജന്‍ പറഞ്ഞു.
‘അഷ്‌കര്‍ അലി എന്നു പരിചയപ്പെടുത്തിയ ആളാണ് വിളിച്ചത്. സ്വര്‍ണക്കടത്തിന്റെ ആള്‍ക്കാരാണെന്നും സെലിബ്രെറ്റികളെ ഉപയോഗിച്ച് സ്വര്‍ണം കടത്തുന്നവരാണെന്നും പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ കണക്കുകളും പറഞ്ഞു. ലോക്ഡൗണ്‍ സമയത്ത് തമാശയ്ക്ക് വിളിക്കുന്നവരാണെന്നാണ് കരുതിയത്. ആകെ രണ്ടോ മൂന്നോ തവണയാണ് വിളിച്ചത്. പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞതോടെ അവര്‍ വിളിച്ചിരുന്ന നമ്പര്‍ സ്വിച്ച് ഓഫ് ആയി. പിന്നീട് വിളിച്ചിട്ടില്ല’ – ധര്‍മജന്‍ പറഞ്ഞു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്തുകൊണ്ടാണ് തന്റെ നമ്പര്‍ കൊടുത്തതെന്ന് അറിയില്ല. ഇക്കാര്യം ചോദിക്കും. അദ്ദേഹത്തോട് പിണക്കമില്ലെന്നും ധര്‍മജന്‍ പറഞ്ഞു. തട്ടിപ്പില്‍ സിനിമാ മേഖലയ്ക്കുള്ള ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ധര്‍മജനെ വിളിപ്പിച്ച് മൊഴിയെടുത്തത്. ധര്‍മജന്‍ ഉള്‍പ്പെടെ സിനിമാ മേഖലയില്‍നിന്നുള്ള മൂന്നുപേരുടെ മൊഴിയാണ് ഇന്നു രേഖപ്പെടുത്തുന്നതെന്നാണ് വിവരം. ധര്‍മജന്റെ ഫോണ്‍ നമ്പര്‍ പ്രതികളില്‍നിന്ന് കണ്ടെടുത്തിരുന്നു. ഇതു സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ച് അറിയുന്നതിനാണ് ഇദ്ദേഹത്തോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.
Post Your Comments