ചെന്നൈ : തമിഴ്നാട്ടിൽ വീണ്ടും പൊലീസ് ക്രൂരതയിൽ ഒരാൾ കൂടി മരണപ്പെട്ടു. തമിഴ്നാട് പൊലീസ് കസ്ററഡിയിലെടുത്തശേഷം വിട്ടയച്ച ഓട്ടോ ഡ്രൈവർ എൻ. കുമരേശനാണ് 15 ദിവസത്തെ ചികിത്സക്ക് ശേഷം ആശുപത്രിയിൽവെച്ച് മരിച്ചത്.
ഭൂമി തർക്കവുമായി ബന്ധപ്പെട്ടാണ് രണ്ടാഴ്ചമുമ്പ് പൊലീസ് കുമരേശനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിൽവെച്ച് പൊലീസ് ക്രൂരമായി മർദ്ദിച്ചശേഷം വിട്ടയക്കുകയായിരുന്നു. വീട്ടിലെത്തിയശേഷം കുമരേശൻ ആരോടും അധികം സംസാരിച്ചിരുന്നില്ല. ചോര ഛർദ്ദിച്ചതിനെ തുടർന്ന് വീട്ടുകാർ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെനിന്നും തിരുനെൽവേലിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെവെച്ചാണ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട് തന്നെ കസ്റ്റഡിയിലെടുത്ത പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് കുമരേശൻ വെളിപ്പെടുത്തുന്നത്. മർദ്ദിച്ച വിവരം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും പറഞ്ഞാൽ പിതാവിനെ ഉപദ്രവിക്കുമെന്ന് പറഞ്ഞതായും കുമരേശൻ പറഞ്ഞു. സംഭവത്തിൽ ബന്ധുക്കൾ കുമരേശന്‍ നീതി വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചു. തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു പൊലീസുകാർക്കെതിരെയും എസ്.ഐ ചന്ദ്രശേഖരിനെതിരെയും കോൺസ്റ്റബ്ൾ കുമാറിനെതിരെയും കേസെടുത്തു.
കുറച്ചുദിവം മുമ്പാണ് തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ പൊലീസിൻറെ ക്രൂരമർദ്ദനത്തിനിരയായ അച്ഛനും മകനും മരിച്ചിരുന്നു. ലോക്ഡൗൺ ലംഘിച്ചുവെന്ന പേരിലാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തിരുന്നത്.
Post Your Comments