ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. ഒറ്റദിനം ഇരുപതിനായിരത്തിനടുത്ത് പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,906 പേർക്കാണ് കോവിഡ് ബാധിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,28,859 ആയി. ഇതുവരെയുള്ളതിലെ ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്.
രാജ്യത്തെ ആകെ കോവിഡ് മരണം 16,095 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത് 410 പേരാണ്.രാജ്യത്തെ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 5,28,859 ആയി. ഇതില്‍ 2,03,051 ഉം സജീവ കേസുകളാണ്. 3,09,713 പേര്‍ ഇതുവരെ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ജൂണ്‍ 27 വരെ രാജ്യത്ത് 82,27,802 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐ.സി.എം.ആര്‍. അറിയിച്ചു.
രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. ശനിയാഴ്ച 5318 പേര്‍ക്കായിരുന്നു സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം 1,59,133 ആയി. മുംബൈയില്‍ മാത്രം 1,400 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ മുംബൈയിലെ ആകെ രോഗബാധിതരുടെ എണ്ണം 74,252 ആയി. കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഡല്‍ഹിയാണ് മഹാരാഷ്ട്രയ്ക്ക് പിന്നില്‍. 80,000ല്‍ അധികം പേര്‍ക്കാണ് ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 2,558 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ഡല്‍ഹിയില്‍ ജീവന്‍ നഷ്ടമായത്.
അതേസമയം കോവിഡ് രോഗികളുടെ എണ്ണത്തിൽ ലോകരാജ്യങ്ങളില്‍ ഇന്ത്യ ഇപ്പോൾ നാലാം സ്ഥാനത്താണ്. ഏറ്റവും കൂടുതൽ രോഗികളുള്ള രാജ്യം അമേരിക്കയാണ്. ബ്രസീലും റഷ്യയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. ദിനംപ്രതി രോഗികളുടെ എണ്ണം വർധിക്കുമ്പോൾ ആഗോളതലത്തിൽ സ്ഥിതി വഷളാകുകയാണ്.
Post Your Comments