Latest NewsNewsPrathikarana VedhiWriters' Corner

ഒരു ഇടുക്കി ഗോള്‍ഡ്‌ അപാരതയില്‍ ഉരുത്തിരിഞ്ഞ അബുവിന്റെ വെളിവില്ലാത്ത വെളിപാടിനെ മികച്ച നിലപാടായി തള്ളിമറിക്കുന്ന കേരളം മനസിലാക്കാതെ പോകുന്നത്

അഞ്ജു പാര്‍വതി പ്രഭീഷ്

ഒരു ഇടുക്കി ഗോൾഡ് അപാരതയിൽ ഉരുത്തിരിഞ്ഞ ആഷിഖ് അബുവിന്റെ വെളിവില്ലാത്ത വെളിപാടിനെ വളരെ മികച്ച ഒരു നിലപാടാക്കി തള്ളിമറിക്കുന്ന തിരക്കിലാണ് സാംസ്കാരികകേരളം. എന്നാൽ അവരറിയുന്നുണ്ടോ വെളിവില്ലാത്ത ഭാഷയിലെഴുതിയ ആ വെളിപാടിന്റെ പുസ്തകത്തിൽ ഒറ്റ കാര്യമേയുള്ളൂ- കക്ഷത്തിലിരിക്കുന്നത് പോകാനും പാടില്ല; ഉത്തരത്തിലിരിക്കുന്നത് കിട്ടുകയും വേണം എന്നുള്ളത് മാത്രം.

കരുണ വിറ്റ് കാശാക്കിയ ആഷിഖ് അബുവിനു തന്റെ പോയ പ്രതിച്ഛായ വീണ്ടെടുത്ത് വീണ്ടും സഖാക്കളുടെ യുവതുർക്കിയാകണമെങ്കിൽ സാധാരണയൊരു സിനിമയെടുത്താൽ മതിയാവില്ല. തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന വേളയിൽ സാമുദായികവോട്ട് വിപ്ലവപ്പാർട്ടിയുടെ ഭണ്ഡാരത്തിൽ വീഴുന്ന രീതിയിലൊരു സിനിമയെടുത്താൽ രണ്ടുണ്ട് ഗുണം. പാർട്ടിയുടെ ആസ്ഥാനപുരോഗമനനായകനെന്ന ലേബലിനൊപ്പം ഭാവിയിൽ നടത്താനിരിക്കുന്ന സകലമാന തട്ടിപ്പ്-വെട്ടിപ്പുകൾക്കും ക്ലീൻ ചിട്ട് കിട്ടുകയും ചെയ്യും. അതിനുളള വഴിയാകുന്നു വാരിയംകുന്നൻ!

സംഘപരിവാറുമായുള്ള ശീതയുദ്ധം ജീവിതത്തിന്റെ ഭാഗമാക്കിയ അബുവിനും കെട്ടിയോൾക്കും ഒരേ സമയം സഖാക്കളുടെയും സുഡാപ്പികളുടെയും ഹൃദയത്തിൽ സ്ഥാനം ഉറപ്പിക്കണമെങ്കിൽ സംഘപരിവാറിനിട്ട് കൊട്ട് കൊടുക്കുന്ന തരത്തിലെ സിനിമയാവണം. അതിനു മലബാറിലെ,പ്രത്യേകിച്ച് മലപ്പുറത്തെ വളക്കൂറുള്ള മണ്ണും ഒരു വിവാദവർഗ്ഗീയനായകനും വേണം. അതിന്റെ തെരഞ്ഞെടുപ്പാകുന്നു വാരിയംകുന്നൻ !

മലബാർ കലാപം പോലൊരു പ്രമേയം ആസ്പദമാക്കി ഒരു സിനിമയെടുക്കുമ്പോൾ ഫണ്ടിംഗ് വലിയൊരു ഘടകമാണ്. മലദ്വാർ വഴി സ്വർണ്ണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദബന്ധവും താലിബാനിസം സിരകളിൽ തുളുമ്പുന്നവരുമായ മൗദൂദികളുമായി ചേർന്നാൽ രണ്ടുണ്ട് ഗുണം .അവർക്ക് പറയാനുള്ള തീവവാദ പ്രമേയം തിരക്കഥയാക്കി അവതരിപ്പിക്കുമ്പോൾ അതിനവസരമൊരുക്കിയ അബൂക്ക മൗദൂദികളുടെ അഞ്ചാം ഖലീഫയും ഇനിയുള്ള സിനിമാസംരംഭങ്ങൾക്ക് പണവും നിർല്ലോഭം ലഭിക്കും. അതിനുള്ള പാലമാകുന്നു വാരിയംകുന്നൻ!

മലബാർ കലാപത്തിന്റെ നൂറാം വാർഷികമാഘോഷിക്കാൻ കച്ച കെട്ടിയിറങ്ങിയിരിക്കുന്ന കോൺഗ്രസ്സിനു,പ്രത്യേകിച്ച് മലപ്പുറത്തെ ലീഗിനു വോട്ടു പോകണമെങ്കിൽ അവരുടെ പാർട്ടിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടണം. അതിനു മലബാറിന്റെ ഐക്കണായ , ഗാന്ധിജിയുടെ അനുയായിയായ അബ്ദുറഹിമാൻ സാഹിബെന്ന സ്വാതന്ത്ര്യസമരസേനാനിയുടെ കഥയാവരുത്, മറിച്ച് ഗാന്ധിജി, അംബേദ്കർ,ആനി ബസന്റ് തുടങ്ങി മാധവൻ നായർ വരെ അപലപിച്ച മലബാർ കലാപം പ്രമേയമാക്കണം.അപ്പോൾ കോൺഗ്രസ്സിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെടുകവഴി വോട്ടുചോർച്ചയുണ്ടാകും. അതിനുള്ള ആപ്പാണ് വാരിയംകുന്നൻ!

മലയാളസിനിമയിലെ ന്യൂജെൻ -കഞ്ചാവ്-ഇടതുപക്ഷ-കൊച്ചി ലോബിയുടെക്യാപ്റ്റനായ ആഷിഖിനും ടീമിനും എന്നും കണ്ണിലെ കരടാണ് മോഹൻലാൽ എന്ന താരരാജാവും തിരുവനന്തപുരത്തെ പഴയ പ്രമുഖ സിനിമാപ്രവർത്തകരും. ഒരൊറ്റ സിനിമ സംവിധാനം ചെയ്ത രാജുമോനാകട്ടെ നേരെ പോയത് ഇരുന്നുറ് കോടി ക്ലബ്ബിലേയ്ക്കും. ചെറുക്കനാണെങ്കിൽ ലാലേട്ടൻ-മമൂക്കയ്ക്ക് ശേഷം ഇനിയാരെന്ന ചോദ്യത്തിനുള്ള ബെസ്റ്റ് ഓപ്ഷനും. ഇനി എംമ്പുരാൻ കൂടി വന്നാൽ പിന്നെ പറയുകയും വേണ്ട. രാജുമോനെ നായകനാക്കി വാരിയംകുന്നൻ ചെയ്താൽ ഒരു വെടിക്ക് രണ്ട് പക്ഷി- ഇടതുപക്ഷത്തിനു ഒരു സെലിബ്രിട്ടിയെ വാഴിക്കാൻ കൊടുക്കാം; ഒപ്പം ഹിന്ദുവായ രാജുമോൻ ഈ വിവാദസിനിമയിൽ തലയിട്ടതിന്റെ പേരിൽ സിനിമാഫീൽഡിലും സംഘപരിവാർ ക്യാമ്പുകളിലും ഒറ്റുകാരൻ ആവുകയും ചെയ്യും. അടി മുഴുവൻ ചെണ്ടയ്ക്കും പണം മാരാർക്കുമെന്ന ലൈനിൽ രാജുമോനെ ചെണ്ടയാക്കിയ സിനിമയാണ് വാരിയംകുന്നൻ!

പൊതുസമൂഹം ഇത് വിവാദമാക്കിയപ്പോൾ ,ഈ സിനിമയെ എതിർത്തവർ സംഘികളല്ലായെന്നു തിരിച്ചറിഞ്ഞപ്പോൾ ഇതാ വരുന്നു ആഷിഖ് വക ഒരു യു ടേൺ പോസ്റ്റ്-തിരക്കഥാകൃത്ത് മാറി നിൽക്കും, വിശ്വാസ്യത തെളിയിച്ച് തിരിച്ച് വരും! എന്താ ഡയലോഗ്!

ഇതാണ് നിലപാട് എന്ന് ആർത്തട്ടഹിക്കുന്നവരോട് ഒന്നേ പറയാനുളളൂ- ഇതിന്റെ പേര് നിലപാട് എന്നല്ല വെളിപാട് എന്നാണ്!

ഉദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയായി റമീസിനു നല്കുന്ന വഴിപാട്! വിവാദം കെട്ടടങ്ങും വരെ മാറി നില്ക്കുന്നുവെന്ന് പറഞ്ഞ് ഒരു പോസ്റ്റിട്ട് തന്റെ കൂടെ നിറുത്തുവാൻ ആഷിഖ് കണ്ടെത്തിയ വെളിപാട്!

ജമാഅത്തെ ഇസ്ലാമിയുടെ നിലപാടുകാരനല്ല താനെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാൻ ആഷിഖ് എന്ന കുറുക്കൻ കണ്ടെത്തിയ വെളിപാട്! ജമാഅത്തെ ഇസ്ലാമിയുടെ കടുത്ത അനുയായി ആയ റമീസുമായി ആഷിഖ് കൂട്ടുകുടുന്നത് പാർട്ടിക്ക് വിനയാകുമെന്ന തിരിച്ചറിവിൽ സഖാക്കൾ ആഷിഖിനെ എതിർക്കാൻ തുടങ്ങിയപ്പോൾ നൈസായി ഊരിപ്പോകാൻ തിരഞ്ഞെടുത്ത വെളിപാട്!

മുഹ്സിൻ പരാരി, ഹർഷദ്, റമീസ് എന്നീ തീവ്ര നിലപാടുകൾ ഉള്ളവരുമായി മാസങ്ങളോളം ചർച്ച ചെയ്ത്,കാലങ്ങളായി റിസേർച്ചും, എഴുത്തും നടന്ന് , സ്ക്രിപ്റ്റ് നോക്കി മുൻ നിരതാരങ്ങളിൽ ഒരാളായ പൃഥ്വിരാജ് ഡേറ്റ് കൊടുത്ത് ,കൈ കൊടുത്ത് അനൗൺസ് ചെയ്ത ഒരു സിനിമയിൽ നിന്നും അവസാനം ഒരാളെ താല്കാലികമായി മാറ്റി നിറുത്തുന്നുവെന്നത് നിലപാടല്ല ആഷിഖ്. താലിബാനികളുടെ കഥയും വേണം ,പണവും വേണം, എന്നാൽ പുരോഗമന-യുവതുർക്കി ലേബൽ കീറാനും പാടില്ലായെന്ന കുരുട്ടുബുദ്ധിയിൽ ഉരുത്തിരിഞ്ഞ ഇടുക്കി ഗോൾഡ് ആഷിഖിന്റെ കൂതറ വെളിപാട് തിരിച്ചറിയുന്നുണ്ട് ബോധമുള്ളവർ!

വാരിയംകുന്നൻ എന്ന ഒരു പേരിൽ ഒളിപ്പിച്ചിരിക്കുന്ന കുതന്ത്രങ്ങൾ ഒന്നൊന്നായി മറനീക്കി പുറത്തുവരിക തന്നെ ചെയ്യും!

shortlink

Related Articles

Post Your Comments

Related Articles


Back to top button