മുംബൈ : മഹാരാഷ്ട്രയിലെ ദേഗ്ലൂരില്‍ പതിനാറുകാരിയുടെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍. ഇത് ദുരഭിമാന കൊലപാതകമാണെന്ന് പോലീസ് പറഞ്ഞു. ദേഗ്ലൂര്‍ ധാമഗാവിലെ കല്‍പന സൂര്യവംശിയെ ആണ് സഹോദരനായ അനില്‍ സൂര്യവംശി കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജൂണ്‍ 30 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ജൂണ്‍ 22-നാണ് ദുരൂഹസാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം തെരുവുനായ്ക്കളും കുറുക്കന്മാരും കടിച്ചുകീറിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ പോലീസ് തിരിച്ചറിയുകയും കുടുംബത്തെ ചോദ്യം ചെയ്തതില്‍ നിന്ന് പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് കുടുംബം ആരോപിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരുവരും പ്രണയത്തിലാണെന്നും യുവാവാണ് മകളെ കൊന്നുതള്ളിയതെന്നും അമ്മയും മൊഴി നല്‍കി. എന്നാല്‍ ജൂണ്‍ 20-ന് പെണ്‍കുട്ടിയെ കാണാതായിട്ടും ഇവര്‍ പരാതി നല്‍കാതിരുന്നത് കൊണ്ട് തന്നെ കുടുംബാംഗങ്ങളുടെ മേല്‍ പോലീസിന് ആദ്യം മുതലേ സംശയമുണ്ടായിരുന്നു.
തുടക്കത്തില്‍ പെണ്‍കുട്ടിയുടെ കാമുകനെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ക്ക് പങ്കില്ലെന്ന് ബോധ്യമായി. ഇതേതുടര്‍ന്നാണ് പെണ്‍കുട്ടിയുടെ സഹോദരനെ അടക്കം പോലീസ് വിശദമായി ചോദ്യം ചെയ്തത്. ബുധനാഴ്ച നടത്തിയ ചോദ്യം ചെയ്യലില്‍ അനില്‍ സൂര്യവംശി പോലീസിനോട് കുറ്റം സമ്മതിച്ചു. കുടുംബത്തിന് താല്‍പ്പര്യമില്ലാതിരുന്ന യുവാവുമായി സഹോദരി പ്രണയത്തിലായതാണ് കൊലപാതകത്തിലേക്ക് നയിച്ചെന്നും ഇയാള്‍ പറഞ്ഞു.
Post Your Comments