ന്യൂഡല്‍ഹി • രാജ്യത്താകമാനം അഞ്ച് ലക്ഷത്തിലധികം പേരെ ബാധിച്ച കോവിഡ് -19 മാഹാമാരിയ്ക്കെതിരായ പോരാട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയറവച്ചുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി രംഗത്ത്.
“പ്രധാനമന്ത്രി നിശബ്ദനായിരിക്കുന്നു. കീഴടങ്ങിയ അദ്ദേഹം മഹാമാരിയ്ക്കെതിരെ പോരാടാൻ വിസമ്മതിക്കുകയാണ്”. കോവിഡ് -19 മഹാമാരിയെ നേരിടാൻ മെഡിക്കൽ വിദഗ്ധരുടെ ദേശീയ ടാസ്‌ക്ഫോഴ്‌സോ മിനിസ്റ്റീരിയൽ പാനലോ രണ്ടാഴ്ചയായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന റിപ്പോർട്ടിനെ പരാമർശിച്ച് മുൻ കോൺഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.
‘കോവിഡ് -19 രാജ്യത്തിന്റെ പുതിയ ഭാഗങ്ങളിലേക്ക് അതിവേഗം വ്യാപിക്കുന്നു. ഇതിനെ പരാജയപ്പെടുത്താൻ ഇന്ത്യാ ഗവൺമെന്റിന് ഒരു പദ്ധതിയുമില്ല, ”-രാഹുൽ പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച, ചൈനീസ് സൈന്യം ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറിയതായ റിപ്പോര്‍ട്ടുകളില്‍ പ്രധാനമന്ത്രി മൗനം പാലിച്ചതായും ചൈനയ്ക്ക് മുന്നിൽ കീഴടങ്ങിയതായും രാഹുൽ ആരോപിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ ജന്മനാടായ ഗുജറാത്തിൽ കോവിഡ് -19 മൂലമുണ്ടായ മരണനിരക്ക് ഉയരുന്നത് പരാമർശിച്ചുകൊണ്ട് ഈ മാസം ആദ്യം രാഹുല്‍ മോദിയെ ലക്ഷ്യമിട്ട് രംഗത്തെത്തിയിരുന്നു.
Post Your Comments