ന്യൂഡൽഹി: ഇന്ത്യ ചൈന അതിര്‍ത്തി വിഷയത്തിൽ കേന്ദ്രത്തെ കുറ്റപ്പെടുത്താനില്ലെന്ന് വ്യക്തമാക്കി എൻസിപി നേതാവ് ശരദ് പവാര്‍. അതിര്‍ത്തി വിഷയം രാഷ്ട്രീയവത്കരിക്കരുതെന്നും പവാര്‍ പറഞ്ഞു. ഇന്ത്യൻ ഭൂപ്രദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയ്ക്ക് അടിയറവു വെച്ചെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതികരണത്തിനു പിന്നാലെയായിരുന്നു ശരദ് പവാറിൻ്റെ മറുപടി.
1962ലെ യുദ്ധത്തിൽ ചൈന ഇന്ത്യയുടെ 45000 ചതുരശ്ര കിലോമീറ്ററോളം ഭൂമി പിടിച്ചടക്കിയത് മറക്കരുതെന്ന് ശരത് പവാര്‍ പറഞ്ഞു. ലഡാഖിൽ ചൈനയുമായി ഉണ്ടായ സംഘര്‍ഷം പ്രതിരോധ മന്ത്രിയുടെ പരാജയമല്ലെന്നും ഇന്ത്യൻ സേന പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെയാണ് ചൈനയുടെ കടന്നുകയറ്റം തിരിച്ചറിഞ്ഞതെന്നും ശരദ് പവാര്‍ ചൂണ്ടിക്കാട്ടി.
ഗാൽവൻ താഴ്‍വരയിൽ പ്രകോപനം സൃഷ്ടിച്ചത് ചൈനയാണെന്നും ലഡാഖിലെ അതിര്‍ത്തി വിഷയം സെൻസിറ്റീവാണെന്നും ശരദ് പവാര്‍ പറഞ്ഞു. ഗാൽവൻ മേഖലയിൽ ആശയ വിനിമയത്തിനായി സൈന്യം ഒരു റോഡ് നിര്‍മിക്കുകയായിരുന്നുവെന്നും എന്നാൽ ഇങ്ങോട്ട് ചൈനീസ് സൈന്യം കടന്നു കയറി പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്നും ശരദ് പവാര്‍ പറഞ്ഞു. ഇത് ആരുടെയും പരാജയമല്ല. പട്രോളിംഗിനിടെ ആര്‍ക്കു വേണമെങ്കിലും കടന്നു വരാം. ഇത് ഡൽഹിയിലിരിക്കുന്ന പ്രതിരോധ മന്ത്രിയുടെ പരാജയമല്ലെന്നും മുൻ പ്രതിരോധമന്ത്രി കൂടിയായ പവാര്‍ പറഞ്ഞു.
1962ലെ യുദ്ധത്തിൽ ചൈന പിടിച്ചെടുത്ത ഭൂമി ഇപ്പോഴും ചൈനയുടെ നിയന്ത്രണത്തിലാണെന്ന് ശരദ് പവാര്‍ ഓര്‍മിപ്പിച്ചു. “എന്നാൽ പുതുതായി ചൈന സ്ഥലം കയ്യേറിയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പക്ഷെ ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ ഞാൻ അധികാരത്തിൽ ഇരുന്നപ്പോള്‍ എന്താണ് സംഭവിച്ചതെന്നു കൂടി പരിശോധിക്കേണ്ടതുണ്ട്. വലിയൊരു ഭൂപ്രദേശം കയ്യേറിയിട്ടുണ്ടെങ്കിൽ അത് അവഗണിക്കാനാവില്ല.” ദേശീയസുരക്ഷയുടെ വിഷയം രാഷ്ട്രീയവത്കരിക്കരുതെന്നും ശരദ് പവാര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments