തിംപു: അസമിലെ കര്‍ഷകര്‍ക്കുള്ള ജലസേചനം ഭൂട്ടാൻ നിര്‍ത്തിവച്ചുവെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞ് ഭൂട്ടാന്‍ തന്നെ രംഗത്ത്. ‘തികച്ചും അടിസ്ഥാനരഹിതവും’ ഇന്ത്യയുമായി തെറ്റിദ്ധാരണയുണ്ടാക്കാന്‍ ‘നിക്ഷിപ്ത താത്പര്യക്കാരുടെ മനഃപൂര്‍വമായ ശ്രമവും’ ആണിതെന്നും ഭൂട്ടാന്‍ വ്യക്തമാക്കി.വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന മുന്നറിയിപ്പുമായി ഭൂട്ടാന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഭൂട്ടാനിലെ ദൈഫാം ഉടല്‍ഗുരി, സംരങ്ങ് പ്രദേശങ്ങളില്‍ നിന്നുമുള്ള ജലസ്രോതസ്സുകളാണ് അസമിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ കൃഷിക്കായി ഉപയോഗപ്പെടുത്തുന്നത്. എന്നാല്‍, ഭൂട്ടാന്‍ ഇവ തടസ്സപ്പെടുത്തിയെന്ന് ചില ഇന്ത്യന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇന്ത്യയുമായുള്ള സൗഹൃദം പരമ പ്രധാനമാണെന്നും, ഇന്ത്യയുടെ പോലെ അയല്‍ക്കാര്‍ക്ക് ആദ്യ പരിഗണനയെന്ന നയമാണ് ഭൂട്ടാനും പിന്തുടരുന്നതെന്നും വിശദീകരിച്ച് ഭൂട്ടാന്‍ ധനകാര്യ മന്ത്രി നാംഗേ ഷെറിങ് രംഗത്തു വന്നു.
ഇന്ത്യയും ഭൂട്ടാനുമായുള്ള ബന്ധം എക്കാലത്തെയും പോലെ ശക്തമായി തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.1953 മുതല്‍ ബക്‌സ ജില്ലയിലെ കര്‍ഷകര്‍ നെല്‍കൃഷിക്കായി ഭൂട്ടാനിലെ മനുഷ്യനിര്‍മ്മിത കനാലില്‍ നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്. ഭൂട്ടാന്‍ സര്‍ക്കാരിന്റെ തീരുമാനം 25 ഓളം ഗ്രാമങ്ങളെ പ്രതിസന്ധിയിലാഴ്‌ത്തി എന്ന തരത്തിലായിരുന്നു പ്രചരണം.ഇന്ത്യയുമായി സംഘര്‍ഷത്തിലുള്ള അയല്‍ രാജ്യങ്ങളുടെ പട്ടികയിലേക്കു ഭൂട്ടാനും ചേര്‍ന്നുവെന്ന പ്രചാരണം ശക്തമായതിനു പിന്നാലെയാണു വിശദീകരണവുമായി മന്ത്രാലയം രംഗത്തുവന്നത്.
കഴിഞ്ഞ ദിവസം വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടിരുന്നു. കല്ലും മരങ്ങളും വീണ് ഒഴുക്കു മുന്‍പു തടസ്സപ്പെട്ടപ്പോഴെല്ലാം ഗ്രാമവാസികളെത്തി തടസ്സം നീക്കുന്നതായിരുന്നു രീതി. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം അതിര്‍ത്തി കടക്കാന്‍ ഗ്രാമവാസികള്‍ക്കു ഭൂട്ടാന്‍ വിലക്കേര്‍പ്പെടുത്തിയതോടെയാണ് ജലവിതരണം മുടങ്ങിയത്. പിന്നീട് കനാലില്‍ ഉണ്ടായ ഒരു തടസ്സം ഭൂട്ടാന്‍ അധികൃതരുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി തുറക്കുകയായിരുന്നു.
Post Your Comments