കൊച്ചി : നഗ്‌നശരീരത്തില്‍ മക്കളെക്കൊണ്ടു ചിത്രം വരപ്പിക്കുകയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തത് സംബന്ധിച്ച കേസിൽ മുൻകൂർ ജാമ്യം തേടി രഹന ഫാത്തിമ ഹൈക്കോടതിയിൽ. തനിയ്ക്കെതിരായ പോക്സോ കേസ് നിലനിൽക്കില്ലെന്നും വ്യക്തി സ്വാതന്ത്ര്യത്തിൽ ഉൾപ്പെട്ട കാര്യമാണ് ചെയ്തതെന്നുമാണ് ഹർജിയിലുളളത്. ഇതിൽ പോക്സോ അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തുന്നത് തെറ്റാണെന്നും രഹ്നാ ഫാത്തിമ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
‘ബോഡി ആന്‍ഡ് പൊളിറ്റിക്സ്’ എന്ന തലക്കെട്ടില്‍ കഴിഞ്ഞ ദിവസമാണ് യുട്യൂബിലും ഫെയ്സ്ബുക്കിലും രഹന വീഡിയോ പോസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത മകനും മകളും ചേര്‍ന്ന് രഹനയുടെ നഗ്‌നദേഹത്ത് ചിത്രം വരയ്ക്കുന്നതാണ് വീഡിയോ. സ്ത്രീ ശരീരവും ലൈംഗികതയും സംബന്ധിച്ച പഠനം വീട്ടില്‍നിന്ന് തുടങ്ങിയാലേ സമൂഹത്തില്‍ മാറ്റം കൊണ്ടുവരാന്‍ കഴിയൂ എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്.
ഇതേത്തുടർന്നാണ് രഹനയ്ക്കെതിരേ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം ഉൾപ്പെടുന്ന പോക്സോ വകുപ്പുകൾ അടക്കം ചുമത്തി കൊച്ചിയിലും തിരുവല്ലയിലും പൊലീസ് കഴിഞ്ഞദിവസം കേസെടുത്തത്. ജുവനൈൽ ആക്ട്, ഐടി ആക്ട് എന്നിവ പ്രകാരമാണ് രഹ്ന ഫാത്തിമക്കെതിരെ കേസെടുത്തിരിക്കുന്നത്.
തുടർന്ന് വ്യാഴാഴ്ച ഇവരുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ പെയിന്റിങ് ബ്രഷ്, ചായം, ലാപ്ടോപ്പ് എന്നിവ ഉൾപ്പെടെയുള്ള വസ്തുക്കൾ പോലീസ് പിടിച്ചെടുത്തു. എന്നാൽ, റെയ്ഡിന്റെ സമയത്ത് രഹന വീട്ടിൽ ഉണ്ടായിരുന്നില്ല. രഹന കോഴിക്കോടാണെന്നാണ് വിവരമെന്നും എറണാകുളത്ത് തിരിച്ചെത്തുമ്പോൾ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. രഹന പോലീസ് സ്റ്റേഷനിൽ ഹാജരാകുമെന്നും കുറ്റം ചെയ്തിട്ടില്ലാത്തതിനാൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കില്ലെന്നും അവരുടെ ഭർത്താവും പറഞ്ഞിരുന്നു. എന്നാൽ, ഇന്ന് രഹന അഭിഭാഷകൻ മുഖേന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Post Your Comments