തിരുവനന്തപുരം: കോവിഡ് കാലത്ത് ജനങ്ങളുടെ മാനസികാരോഗ്യ പരിചരണത്തിനായി രൂപീകരിക്കപ്പെട്ട ഒറ്റയ്ക്കല്ല ഒപ്പമുണ്ട് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് സേവനങ്ങള്‍ വിപുലീകരിക്കുന്നതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇതിന്റെ ഭാഗമായി കുട്ടികള്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിന് ജില്ലാതലത്തിലും ഫീല്‍ഡ് തലത്തിലും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്. ആരോഗ്യ വകുപ്പും വനിതാശിശു വികസന വകുപ്പും സംയോജിച്ചാണ് ഇത് നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ഒറ്റയ്ക്കല്ല ഒപ്പമുണ്ട് ശില്‍പശാലയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.
കുട്ടികളുടെ മാനസിക സംഘര്‍ഷങ്ങള്‍ കണ്ടെത്തി പരിഹരിക്കേണ്ടതാണ്. ആശവര്‍ക്കര്‍മാരും അങ്കണവാടി വര്‍ക്കര്‍മാരും അവരുടെ വാര്‍ഡില്‍ വൈകാരിക പെരുമാറ്റ പ്രശ്‌നങ്ങളും മാനസിക വിഷമങ്ങളുമുള്ള കുട്ടികളെ കണ്ടെത്തി അറിയിക്കുന്നതാണ്. അതുപ്രകാരം സൈക്കോ സോഷ്യല്‍ ടീം ആ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ആവശ്യമായ ഫോണ്‍ കൗണ്‍സിലിംഗ് സേവനങ്ങള്‍ നല്‍കുന്നു. ഇതിനുപുറമേ സൈക്കോ സോഷ്യല്‍ ടീമില്‍ തന്നെയുള്ള സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ അവരവരുടെ സ്‌കൂളുകളിലെ ആവശ്യമുള്ള കുട്ടികള്‍ക്ക് ഫോണ്‍ കൗണ്‍സിലിംഗ് നല്‍കുകയും ചെയ്യുന്നു. മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിലാണ് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീമിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സൈക്യാട്രിസ്റ്റുകള്‍, സൈക്യാട്രിക്ക് സോഷ്യല്‍ വര്‍ക്കമാര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ഫോണ്‍ കൗണ്‍സിലിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്നത്. ഇതുകൂടാതെ ദിശ ഹെല്‍പ് ലൈന്‍ നമ്പര്‍ 1056 വഴി കുട്ടികളുടെ മാനസിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുവാനായി സജ്ജമാക്കിയിട്ടുണ്ട്. ഈ സേവനം 24 മണിക്കൂറും ലഭ്യമാണ്.
ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പലപ്പോഴും ആത്മഹത്യയുടെ വിശദീകരണങ്ങളും, അനാവശ്യങ്ങളായ ചര്‍ച്ചകകളും, ആത്മഹത്യയെ വീരപ്രവര്‍ത്തിയായി അല്ലെങ്കില്‍ രക്ഷപ്പെടലായി അല്ലെങ്കില്‍ പ്രതികാരമായി ചിത്രീകരിക്കുന്നതും കോപ്പി ക്യാറ്റ് ഫിനോമിനന്‍ എന്ന രീതിയില്‍ കൂടുതല്‍ ആത്മഹത്യകളിലേക്ക് നയിക്കുകയും ചെയ്യുന്നു.
ഒറ്റയ്ക്കല്ല ഒപ്പമുണ്ട് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് സേവനങ്ങളുടെ ഭാഗമായി ഇതുവരെ ക്വാറന്റൈന്‍/ ഐസോലെഷനില്‍ കഴിയുന്ന 5,00,140 വ്യക്തികള്‍ക്കാണ് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് സേവനങ്ങള്‍ നല്‍കിയത്. കൂടാതെ മനോരോഗ ചികിത്സയില്‍ ഇരിക്കുന്നവര്‍, ഭിന്നശേഷി കുട്ടികള്‍, അതിഥി തൊഴിലാളികള്‍, ഒറ്റയ്ക്ക് കഴിയുന്ന വയോജനങ്ങള്‍ എന്നിവര്‍ക്കും സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് നല്‍കുന്നു. കോവിഡ് രോഗനിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ മാനസിക സമ്മര്‍ദം ലഘൂകരിക്കുന്നതിനും ടെലി കൗണ്‍സിലിംഗ് നല്‍കുന്നു. ഇതുവരെ എല്ലാ വിഭാഗത്തിനുമായി 11,68,950 പേര്‍ക്കാണ് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് കൗണ്‍സിലിംഗ് കോളുകളാണ് സംസ്ഥാനമൊട്ടാകെ നല്‍കിയത്.
വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, മാനസികാരോഗ്യ പരിപാടി സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. കിരണ്‍, മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം പ്രൊഫസര്‍ ഡോ. ടി.വി. അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Post Your Comments