Latest NewsNewsFootballSports

സഹലിന്റെയും റാഫിയുടെയും ജേഴ്‌സിയിലൂടെ ദുരിതാശ്വാസ നിധിയിലെത്തിയത് നാല് ലക്ഷത്തിന് മുകളില്‍

കോവിഡ് കാലത്ത് രാജ്യം ഒന്നാകെ പ്രതിസന്ധിയിലായിരിക്കുമ്പോള്‍ കേരളത്തെ കൈപിടിച്ചുയര്‍ത്തുന്നതിനായി ഇന്ത്യന്‍ ഫുട്‌ബോളിലെ രണ്ട് മലയാളി താരങ്ങള്‍ അവരുടെ ജേഴ്‌സി ലേലത്തിന് നല്‍കിയിരുന്നു. നാടിന് കൈത്താങ്ങാകാനായിരുന്നു ചെറിയ സഹായം സ്വരൂപിക്കാനായി ഇരുവരും ജേഴ്‌സികള്‍ നല്‍കിയത്. ഇപ്പോള്‍ ഇതാ ഇരു ജേഴ്‌സികളും ലേലം കഴിഞ്ഞ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയിരിക്കുന്നത് നാല് ലക്ഷത്തിലേറെ രൂപയാണ്.

ഇന്ത്യന്‍ ഫുട്ബോള്‍ താരവും കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ട്രൈക്കറുമായ മുഹമ്മദ് റാഫിയുടെ ജേഴ്സി ഡി വൈ എഫ് ഐ റീസൈക്കിള്‍ കേരളയിലേക്കായിരുന്നു കൈമാറിയിരുന്നത്. 2011 ല്‍ ഖത്തറില്‍ നടന്ന ഏഷ്യാ കപ്പില്‍ അണിഞ്ഞ ജേഴ്സിയാണ് താരം കൈമാറിയിരുന്നത്. മുഹമ്മദ് റാഫിയുടെ തൃക്കരിപ്പൂരിലെ വസതിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം കെ. വി സക്കീര്‍ ഹുസൈന്‍ ജേഴ്സി ഏറ്റുവാങ്ങിയത്. ആ ജേഴ്‌സി ലേലത്തില്‍ പോയത് 2,44,432 രൂപയ്ക്കാണ്. ജേഴ്‌സി സ്വന്തമാക്കിയത് എഫ് സി ബ്രദേഴ്‌സ് ഒളവറയും.

അതേസമയം ഇന്ത്യന്‍ ഫുഡ് ബോളിന്റെ ഭാവി വാഗ്ദാനമെന്ന് സുനില്‍ ചേത്രി പോലും വിശേഷിപ്പിച്ച ഇന്ത്യന്‍ ഫുട്ബോളിന്റെ യുവതാരം സഹല്‍ അബ്ദുള്‍ സമദിന്റെ ജേഴ്സി ലേലത്തില്‍ പോയത് 2,02,005 രൂപയ്ക്കാണ്. ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിനണിഞ്ഞ ദേശീയ ജേഴ്സിയാണ് പയ്യന്നൂര്‍ കവ്വായി സ്വദേശിയായ സഹല്‍ ലേലത്തിന് നല്‍കിയിരുന്നത്. സഹലിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ വച്ച് ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം.വിജിനാണ് ജേഴ്സി താരം കൈമാറിയിരുന്നത്. തുടര്‍ന്ന് ഇത്രയും തുക മുടക്കി ഗ്രേറ്റ് കവ്വായി സ്‌പോര്‍ട്‌സ് ക്ലബാണ് ജേഴ്‌സി സ്വന്തമാക്കിയത്. രണ്ട് ജേഴ്‌സിയില്‍ നിന്ന് ലഭിച്ച ലേലത്തുകയും കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button