തിരുവനന്തപുരം : ഓണ്‍ലൈന്‍ പഠനം , കുറഞ്ഞ വിലയില്‍ ലാപ്ടോപ്പ് പദ്ധതിയുമായി സര്‍ക്കാര്‍ . ഓണ്‍ലൈന്‍ പഠനം തുടരേണ്ടിവരുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ വിലയില്‍ ലാപ്ടോപ്പുകളും ടാബ്ലറ്റുകളും ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി വരുന്നു. കൈറ്റ് ടെക്‌നിക്കല്‍ സമിതിയുടെ നേതൃത്വത്തില്‍ ഉപകരണങ്ങളുടെ സ്‌പെസിഫിക്കേഷന്‍ തയാറായി. 15,000 രൂപയില്‍ താഴെയായിരിക്കണം വില എന്നതാണു പ്രധാന നിബന്ധന. പദ്ധതിക്കായി ഐടി വകുപ്പ് ഉടന്‍ ടെന്‍ഡര്‍ വിളിക്കും.
കുടുംബശ്രീയുടെ സഹകരണത്തോടെയുള്ള കെഎസ്എഫ്ഇ ചിട്ടിയിലൂടെ പാവപ്പെട്ട രക്ഷിതാക്കള്‍ക്ക് പലിശരഹിത തവണവ്യവസ്ഥയില്‍ ഇവ വാങ്ങാന്‍ സൗകര്യമൊരുക്കും. 40 ലക്ഷത്തിലേറെ വിദ്യാര്‍ഥികളില്‍ ചെറിയൊരു വിഭാഗം വാങ്ങുകയാണെങ്കില്‍പോലും ലക്ഷക്കണക്കിനുള്ള ഓര്‍ഡര്‍ വേണ്ടിവരും. ഇതനുസരിച്ച് വില പകുതിയോളം കുറയ്ക്കാമെന്നാണു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. 15,000 രൂപയില്‍ താഴെ വില സമ്മതിക്കുന്ന കമ്പനികളുടെ ഉല്‍പന്നങ്ങളില്‍നിന്ന് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാനും അവസരം നല്‍കും.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കെല്ലാം ടാബ്ലറ്റ് ലഭ്യമാക്കാന്‍ പദ്ധതി നിര്‍ദേശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയനു കത്ത് നല്‍കിയിരുന്നു. പിന്നീട് വിദ്യാഭ്യാസ, ധന, ഐടി വകുപ്പുകളുടെ യോഗം ചേര്‍ന്നാണ് പദ്ധതിക്കു രൂപംനല്‍കിയത്.
കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ കാണാനും ഓഡിയോ, വിഡിയോ റിക്കോര്‍ഡിങ്, എഡിറ്റിങ്, പ്രസന്റേഷന്‍ തയാറാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാനും എജ്യുക്കേഷന്‍ ആപ്പുകള്‍ ഉപയോഗിക്കാനും സൗകര്യമുണ്ടാകണമെന്ന് സ്‌പെസിഫിക്കേഷനിലുണ്ട്. 4 ജിബി െമമ്മറി, 128 ജിബി സ്റ്റോറേജ്, 10 മണിക്കൂര്‍ ബാറ്ററി ബാക്ക് അപ്, 10 ഇഞ്ചിനു മുകളില്‍ സ്‌ക്രീന്‍ സൈസ് തുടങ്ങിയ സൗകര്യങ്ങളും വേണം.
Post Your Comments