ചെന്നൈ : തൂത്തുക്കുടിയില്‍ കൊല്ലപ്പെട്ട അച്ഛനും മകനും പൊലീസ് കസ്റ്റഡിയില്‍ അനുഭവിച്ച ക്രൂരത വിവരിച്ച് കുടുംബം. പൊലീസ് കസ്റ്റഡിയിലെടുത്ത വ്യാപാരികളായ ജയരാജും മകൻ ബെന്നിക്സുമാണ് മർദ്ദനമേറ്റ് ദാരുണമായി മരിച്ചത്. ‘‘ഇതൊരു ഇരട്ടക്കൊലപാതകമാണ്. അതിക്രൂരമായാണ് എന്റെ അച്ഛനും സഹോദരനും പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. ഒരു സ്ത്രീയെന്ന നിലയിൽ ഈ ക്രൂരകൃത്യം വിവരിക്കാൻ പോലും ഞാൻ അശക്തയാണ്, ഉത്തരവാദികളായ പൊലീസുകാർക്കെതിരെ കൊലപാതകക്കുറ്റം ഉൾപ്പെടെ ചുമത്തി നടപടിയെടുക്കാതെ പ്രതിഷേധത്തിൽനിന്ന് ഒരിഞ്ച് പിൻമാറില്ല’’ – കണ്ണീരോടെ പെർസിസ് പറയുന്നു, മരിച്ച വ്യാപാരി ജയരാജിന്റെ മകളാണു പെര്‍സിസ്.
ബെന്നിക്സിന്റെയും ജയരാജിന്റെയും സ്വകാര്യ ഭാഗങ്ങളിലടക്കം കമ്പിയും മറ്റും കയറ്റി ഉപദ്രവിച്ചതായും ബന്ധുക്കൾ ആരോപിക്കുന്നു. പൊലീസ് സ്റ്റേഷനിൽ രാത്രി മുഴുവൻ ഇവരെ പീഡിപ്പിക്കുകയായിരുന്നു. ചോരയിൽ മുങ്ങിയതോടെ ഇവരുടെ ഉടുമുണ്ട് മാറ്റിയതായും ബന്ധുക്കൾ പറയുന്നു. പിറ്റേന്നു മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കാനിരിക്കെയാണ് ഈ അതിക്രമം നടന്നത്. കഴിഞ്ഞ19 നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഒരു ദിവസം പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തതിനുശേഷം പിറ്റേന്നു കോടതിയിൽ ഹാജരാക്കി. ജയിലിലെത്തിക്കുമ്പോൾ ബെന്നിക്സിന്റെ മാറിലും കാലിലും ജയരാജിന്റെ കാലിലും പരുക്കുണ്ടായിരുന്നതായി ജീവനക്കാർ പറയുന്നു.
ജയരാജിനെയും മകനെയും നിലത്തിട്ട് ഉരുട്ടിയെന്നും ഇതാണ് ആന്തരിക പരുക്കുകൾക്കു കാരണമെന്നും എഫ്ഐആറിൽ വ്യക്തമായ പരാമർശമുണ്ട്. ജയരാജും ബെന്നിക്സും പൊലീസിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും എഫ്ഐആറിൽ പറയുന്നു. മൊബൈൽ ഫോൺ കട നടത്തിയിരുന്ന ജയരാജിനെ ലോക്ഡൗൺ ലംഘനം ആരോപിച്ച് കസ്റ്റഡിയിൽ എടുത്തതറിഞ്ഞ് വിവരം അന്വേഷിക്കാൻ പൊലീസ് സ്റ്റേഷനിൽ എത്തിയ ബെന്നിക്സിനെയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി പതിനൊന്നു മണിയോടെ ലോക്കപ്പിൽ ഇവർക്ക് ക്രൂരമർദനമേറ്റതായി കുടുംബാംഗങ്ങൾ ആരോപിക്കുന്നു. ഇരുവരുടെയും രഹസ്യഭാഗത്തും മറ്റുമുള്ള പരുക്കുകൾ പൊലീസിന്റെ ക്രൂര പീഡനത്തിനു തെളിവാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
‘അതിദയനീയമായിരുന്നു അവസ്ഥ, ബെന്നിക്സിന്റെ ലുങ്കി ചോരയിൽ മുങ്ങിയിരുന്നു. നിരവധി തവണയാണ് ആശുപത്രിയിൽ വച്ച് വസ്ത്രം മാറേണ്ടി വന്നത്. രക്തസ്രാവം നിയന്ത്രിക്കാൻ കഴിയുന്നതായിരുന്നില്ല’– അഭിഭാഷകനായ രവിചന്ദ്രൻ പറയുന്നു. ബെന്നിക്സിന്റെയും ജയരാജിന്റെയും സ്വകാര്യ ഭാഗങ്ങളിലടക്കം കമ്പിയും മറ്റും കയറ്റി ഉപദ്രവിച്ചതായും ബന്ധുക്കൾ ആരോപിക്കുന്നു. പൊലീസ് സ്റ്റേഷനിൽ രാത്രി മുഴുവൻ ഇവരെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. സബ്–ജയിലിൽ വച്ചാണ് ബെന്നിക്സ് ആദ്യം നെഞ്ചുവേദനയുണ്ടെന്ന് പരാതിപ്പെട്ടത്. ഇയാൾ പിന്നീട് ആശുപത്രിയിൽ വച്ചു മരിക്കുകയായിരുന്നു. ജയരാജിനെ കടുത്ത പനിയെത്തുടർന്നാണ് ആശുപത്രിയിലേക്കു മാറ്റിയത്. തുടർന്നു മരിക്കുകയായിരുന്നു.
ഇരുവരുടെയും മരണത്തിന് പിന്നാലെ ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നും ആളുകൾ പ്രതിഷേധവുമായെത്തി. പൊലീസ് അതിക്രമത്തിനെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സാത്തൻകുളം പൊലീസ് സ്റ്റേഷനിലെ പതിമൂന്ന് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. കുറ്റക്കാര്‍ക്കെതിരെ കർശന നടപടി വേണമെന്ന് തൂത്തൂക്കുടി എംപി കനിമൊഴിയും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സംഭവത്തിൽ അന്വേഷണം നടക്കുന്നതായി തൂത്തുക്കുടി പൊലീസ് മേധാവി അരുൺ ബാലഗോപാലൻ ദേശീയ മാധ്യമത്തോട് വ്യക്തമാക്കി. അതിനിടെ, മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചും സംഭവത്തിൽ ഇടപെട്ടു. മൂന്ന് സർക്കാർ ഡോക്ടർമാരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം ചെയ്യണമെന്നും അത് വിഡിയോയിൽ പകർത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ഇരുവരുടെയും കുടുംബത്തിന് 20 ലക്ഷം രൂപ വീതം സഹായധനം മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി പ്രഖ്യാപിച്ചു. കുടുംബാംഗത്തിന് സർക്കാർ ജോലിയും വാഗ്ദാനം ചെയ്തു.
Post Your Comments